പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പുണ്യകേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കര്‍ക്കിടവാവ് ബലിയിടല്‍ ചടങ്ങിന്റെ ഭാഗമായി പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് എത്തിയത്.

ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദുസംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

പുലര്‍ച്ചെ മൂന്നു മുതല്‍ ബലിതര്‍പ്പണ ചടങ്ങിനായി ഭക്തര്‍ എത്തിത്തുടങ്ങി. ശംഖുമുഖത്ത് 100 പരികര്‍മ്മികളെയാണ് ചടങ്ങുകള്‍ക്ക് നിയോഗിച്ചിരുന്നത്. ആലുവയിലും ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ 80 ലധികം ബലിത്തറകളും 320 പരികര്‍മ്മികളുടെയും സൗകര്യം ഒരുക്കിയിരുന്നു. ആലുവ മണല്‍പ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കടപ്പുറങ്ങളില്‍ അപകടസാദ്ധ്യത കണക്കിലെടുത്ത് ബലിപ്പുരകള്‍ഒരുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്തെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്നലെ രാത്രി മുതല്‍ കെ. എസ്. ആര്‍. ടി. സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി.

Top