ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിലെ ഉധംപൂരില്‍ ആക്രമണത്തിനിടെ ഇന്ത്യന്‍ സൈന്യം പിടികൂടിയ മുഹമ്മദ് നവീദെന്ന ഭീകരന്‍ പാക്കിസ്ഥാന്‍കാരനല്ലെന്ന് പാക്ക് സര്‍ക്കാര്‍. ദേശീയ റജിസ്റ്ററില്‍ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
താന്‍ വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും അതിര്‍ത്തിയില്‍നിന്ന് വനത്തിലൂടെയാണ് ഇവിടം വരെ എത്തിയതെന്നുമായിരുന്നു പിടിയിലായ നവീദ് ഇന്നലെ നാട്ടുകാരോട് പറഞ്ഞത്. പാക്കിസ്ഥാനിലെ ഫൈസലാബാദാണ് ഇയാളുടെ സ്വദേശമെന്നും ഇന്ത്യ കണ്ടെത്തിയിരുന്നു. കശ്മീരികള്‍ ഇവിടെ ദിവസവും കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍ അതിനു പകരമായി ഹിന്ദുക്കളെ കൊല്ലാനാണ് താന്‍ വന്നതെന്നും നവീദ് ഗ്രാമവാസികളുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
അതിനിടെ, ഉധംപൂരില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാരെ വധിച്ച ശേഷം പിടിയിലായ മുഹമ്മദ് നവീദ് 90 ദിവസം മുന്‍പാണ് ഇന്ത്യയിലെത്തിയതെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇയാളെ ജമ്മു കശ്മീരില്‍ സുരക്ഷാ സേന ചോദ്യം ചെയ്യുകയാണ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയാണ് ഇരുപതുകാരനായ നവീദിനെ പരിശീലിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍, പേരും വയസും ഉള്‍പ്പടെ നവീദ് നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ട്. പിടിയിലായ ഉടനെ കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഇയാള്‍ പേരുമാറ്റി പറഞ്ഞിരുന്നു. ആദ്യം തനിക്ക് 20 വയസാണെന്ന് പറഞ്ഞ നവീദ് പിന്നെ 16 വയസെന്ന് തിരുത്തിപറഞ്ഞിരുന്നു. ജുവനൈല്‍ എന്ന പരിഗണന ലഭിക്കാനാണ് വയസ് തിരുത്തിപ്പറഞ്ഞതെന്നാണ് കരുതുന്നത്.
ഒന്‍പതു പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്നാണ് സൂചന. ഇവരില്‍ മൂന്നു പേരാണ് കഴിഞ്ഞ ദിവസം പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ ഡല്‍ഹിയിലെത്തിയെന്ന സൂചനയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.


