പികെയുടെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു

രാജ്കുമാര്‍ ഹിറാനയുടെ അമീര്‍ഖാന്‍ ചിത്രം പികെയുടെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് മാത്രം നഗ്‌നത മറച്ച് അമീര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ട പി.കെയുടെ ആദ്യ പോസ്റ്റര്‍ വിവാദമായിരുന്നു. വിവാദമാക്കി ശ്രദ്ധ നേടാനുള്ള തന്ത്രമാണ് അമീറും ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും നടത്തിയതെന്നും ആരോപണം ഉയര്‍ന്നു.

പികെയില്‍ ബോജ്പുരി സംസാരിക്കുന്നയാളായാണ് അമീര്‍ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. അമീര്‍ഖാന് പുറമേ സഞ്ജയ് ദത്ത്, അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിംഗ് രജ്പുത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഡിസംബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പികെയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കലയെ കലയായി കാണാന്‍ കഴിയണമെന്നും സിനിമ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ കാണാതിരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. സിനിമകള്‍ക്കു മേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭരണഘാടനപരമായ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

Top