ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ രണ്ട് എം.പിമാരെ ആംആദ്മി പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പഞ്ചാബില്‍ നിന്നുള്ള എം.പിമാരായ ധര്‍മ്മവീര ഗാന്ധിയെയും ഹരിന്ദര്‍ സിംഗ് ഖല്‍സയെയുമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷനും അനുകൂലമായ നിലപാടെടുത്തയാളാണ് ഗാന്ധി. യോഗേന്ദ്ര യാദവിന്റെ ജയ്കിസാന്‍ ആന്തോളനുമായി സഹകരിക്കണമെന്ന് പരസ്യപ്രസ്താവന നടത്തിയതോടെയാണ് നടപടിസ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അച്ചടക്കസമിതി അംഗങ്ങളായ പങ്കജ് ഗുപ്ത, ദിലീപ് പാണ്ഡേ, ദീപക് ബാജ്‌പേയ് എന്നിവര്‍ ചേര്‍ന്ന സമിതിയാണ് തീരുമാനമെടുത്തത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ധര്‍മ്മവീര ഗാന്ധി പഞ്ചാബിലെ പട്യാല മണ്ഡലത്തിലെയും ഹരിന്ദര്‍ സിംഗ് ഖല്‍സ ഫത്തെഗഡ് സാഹിബ് മണ്ഡലത്തില്‍ നിന്നുമുള്ള എം.പിമാരാണ്.


