ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വി.എസിനെതിരെ രൂക്ഷ വിമര്‍ശനം.
വിജയവാഡയില്‍ അടുത്തമാസം 14 മുതല്‍ 19വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വി.എസിനെ കടന്നാക്രമിച്ചിരിക്കുന്നത്.
പാര്‍ട്ടി നടപടിക്ക് നിരവധി തവണ വിധേയനായ വി.എസ് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും ഇത് പാര്‍ട്ടിക്ക് പ്രതിസന്ധയുണ്ടാക്കുന്നതുമായാണ് റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതിനെ ശക്തമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ഇതുസംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പി.ബി കമ്മീഷനെ നിയോഗിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വീണ്ടും സംസ്ഥാന സമ്മേളനത്തിന് സമാനമായ വിമര്‍ശനങ്ങള്‍ വി.എസിനെതിരെ ഉയരാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉള്ളത്.
കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസിനെ നീക്കണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കാന്‍ സിപിഎം സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്. ഇതിന് സഹായകരമാകുന്ന തരത്തിലുള്ള ചര്‍ച്ചകളായിരിക്കും കേരളത്തിലെ പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തുക.
ബംഗാള്‍ – തൃപുര ഘടകങ്ങള്‍ വി.എസിന് പിന്‍തുണയുമായി വരാനുള്ള സാഹചര്യത്തിന് തടയിടാന്‍ വി.എസിന്റെ അച്ചടക്ക ലംഘനം പ്രതിനിധികള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്താനാണ് നീക്കം.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തന്നെ വി.എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനാല്‍ ചര്‍ച്ചകളുടെ പൊതുവികാരം വി.എസിന് എതിരാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം.
ബംഗാളില്‍ സിപിഎം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ താഴെ തട്ട് മുതല്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബിജെപിയുടെ വളര്‍ച്ചയെ ഗൗരവമായി കണ്ടിട്ടാകണം തൃണമൂല്‍ സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനാ രംഗത്ത് ഈ സമ്മേളന കാലയളവില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളെ ശക്തിപ്പെടുത്തി ബഹുജന അടിത്തറ വിപുലപ്പെടുത്തിയാല്‍ മാത്രമെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. പാര്‍ട്ടിക്കകത്ത് വളര്‍ന്ന് വരുന്ന പാര്‍ലമെന്റേറിയന്‍ വ്യാമോഹവും റിപ്പോര്‍ട്ടില്‍ പ്രകാശ് കാരാട്ട് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.
സംഘടനാപരമായും ആശയപരമായും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത് പോലെ അടിത്തറയില്ലാതിരുന്നിട്ടും ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയുടെ ഭരണം പിടിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്കിടയിലെ ഇടപെടലുകള്‍കൊണ്ടാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്.


