തിരുവന്തപുരം: ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കം സജീവമാകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ നിലപാടില്‍ എതിര്‍പ്പുള്ളവരെ കൂട്ടിയാണ് സംഘടനയെ പിളര്‍ത്തി പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കാന്‍ പി.സി ജോര്‍ജിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ജോര്‍ജ് മാണിക്കെതിരെ തുടര്‍ച്ചയായി വെടിപൊട്ടിക്കുന്നത്. നിയമസഭാസമ്മേളം കഴിയുന്നതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് അനിവാര്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയലിരുത്തല്‍. അതിന്റെ കാറ്റുംകോളും ഇപ്പൊഴേ കണ്ടുതുടങ്ങി.
ബാര്‍കോഴ ആരോപണത്തില്‍ നിന്ന് മാണിക്ക് രക്ഷപ്പെടാനാകില്ലെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ആരോപണമുന്നയിച്ച ബിജുരമേശ് കൂടുതല്‍ തെളിവ് ഹാജരാക്കാനിരിക്കുകയാണ്. ഇതിനുപുറമെ, പ്രായാധിക്യവും മാണിയെ കാര്യമായി അലട്ടുന്നു. അതിനാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇനിയുള്ള കാലം വിശ്രമജീവിതം നയിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് അടുപ്പക്കാര്‍ പറയുന്നു. അങ്ങനെ വന്നാല്‍ തനിക്ക് പകരം മകന്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതിനുള്ള കരുക്കളും അദ്ദേഹം നീക്കിത്തുടങ്ങി. എന്നാല്‍ ഇത് അത്ര എളുപ്പമാകില്ല. മാണി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുവരേണ്ട നേതാക്കള്‍ ഒട്ടേറെയുണ്ട് പാര്‍ട്ടിയില്‍. അതിനാല്‍ ജോസ് കെ മാണിയെ ഒന്നാമനായി ആരും അംഗീകരിക്കില്ല. ഇത് മുന്‍കൂട്ടി കണ്ടുകൂടിയാണ് പി.സി ജോര്‍ജ് കളം വിടാനൊരുങ്ങുന്നത്.
നേരത്തെ കേരള കോണ്‍ഗ്രസ് പിളര്‍ത്തി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ആളാണ് പി.സി ജോര്‍ജ്. അന്ന് എല്‍ഡിഎഫിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി. പന്നീട് എല്‍ഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. മന്ത്രി സ്ഥാനമടക്കം വാഗ്ദാനം ചെയ്തായിരുന്നു ജോര്‍ജിനെ മാണി ഒപ്പംകൂട്ടിയത്. എന്നാല്‍ പിന്നീട് പി.ജെ ജോസഫ് ഗ്രൂപ്പുകൂടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ ജോസഫ് രണ്ടാമനായി അതോടെ തനിക്ക് ലഭിക്കുമെന്ന് കരുതിയ മന്ത്രിസ്ഥാനം ജോസഫ് തട്ടിയെടുത്തു. അതിനാല്‍ ജോര്‍ജിന് വെറും ചീഫ് വിപ്പ് പദവിയില്‍ ഒതുങ്ങേണ്ടിവന്നു.
മാണി ശക്തമായ നിലപാടെടുത്തിരുന്നുവെങ്കില്‍ ഒരു മന്ത്രി സ്ഥാനംകൂടെ കിട്ടുമായിരുന്നെന്നാണ് ജോര്‍ജ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ യുപിഎ ഭരണ കാലത്ത് ജോസ് കെ മാണിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കാനായിരുന്നു മാണിയുടെ പ്രധാന അജണ്ട. എ.കെ ആന്റണിയുടെ എതിര്‍പ്പുമൂലം അത് നടന്നില്ല. ഇതിലുള്ള നീരസം ജോര്‍ജ് പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്.
പി.സി ജോര്‍ജ് പതിയ സംഘടനയുണ്ടാക്കിയാല്‍ എല്‍ഡിഎഫില്‍ ചേരാനാണ് സാധ്യത. ഈ അടുത്ത് ജോര്‍ജ് എല്‍ഡിഎഫിനെ കാര്യമായി വിമര്‍ശിക്കാത്തത് പുതിയ ബെര്‍ത്ത് മുന്നില്‍കണ്ടാണ്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് എല്‍ഡിഎഫ് തടഞ്ഞാല്‍ അത് നേരിടാനാകില്ലെന്ന് ജോര്‍ജ് പറഞ്ഞതും ഇതുകൊണ്ടാണ്. എല്‍ഡിഎഫ് ആണെങ്കില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഒരു വിഭാഗം വരുന്നതിനെ സ്വാഗതം ചെയ്യും.
നിലവില്‍ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ ആ പാര്‍ട്ടിയില്‍ ആളില്ല. അതിനാല്‍ പി.സി ജോര്‍ജിന്റെ നീക്കത്തെ ജാഗ്രതയോടെയാണ് മാണി നോക്കികാണുന്നത്.


