തിരുവനന്തപുരം: വി.എസിനെ വിമര്‍ശിച്ച വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നടപടിയില്‍ ഞെട്ടി രാഷ്ട്രീയ കേരളം.
സംസ്ഥാനത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം മൂര്‍ച്ചിച്ചിരിക്കെ ഉഷാറായ സി.പി.എം അണികള്‍ക്ക് പിണറായിയുടെ അപ്രതീക്ഷിത പ്രതികരണം വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയെ നേരിടാന്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റമനസ്സായി പ്രതികരിച്ച വി.എസും പിണറായിയും യു.ഡി.എഫ്-ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് അപ്രതീക്ഷിത ആശങ്കയാണ് വിതച്ചിട്ടുള്ളത്.
ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് പിന്നില്‍ എസ്.എന്‍.ഡി.പി യോഗ വേദിയില്‍ വച്ച് കടുത്ത വിമര്‍ശനമുന്നയിച്ച വി.എസ് അച്യുതാനന്ദന്റെ നടപടി പ്രധാന കാരണമായതായാണ് സൂചന.
പിണറായിക്ക് പിന്നാലെ വി.എസും യോഗ വേദിയില്‍ വച്ച് തന്നെ വെള്ളാപ്പള്ളിക്കും സംഘത്തിനുമെതിരെ ആഞ്ഞടിച്ചത് എസ്.എന്‍.ഡി.പി യോഗ നേതാക്കള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു.
വെള്ളാപ്പള്ളി ശ്രീ നാരായണീയരെ ആര്‍.എസ്.എസ്- ബി.ജെ.പി പാളയത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനെതിരെ സി.പി.എം അഴിച്ചുവിട്ട പ്രചാരണം യോഗ പ്രവര്‍ത്തകരിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
ഈഴവ സമുദായത്തിനിനിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വി.എസ് അച്യുതാനന്ദനെതിരെ വെള്ളാപ്പള്ളി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ വലിയ വിഭാഗം എസ്.എന്‍.ഡി.പി യോഗ പ്രവര്‍ത്തകരും അസ്വസ്ഥരാണ്.
വി.എസിന് ശ്രീനാരായണ ഗുരുവിനെകുറിച്ച് ഒന്നും അറിയില്ലെന്നാണ് യോഗവേദിയിലെ വിമര്‍ശനത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
ഇതിനെതിരെ ശക്തമായി രംഗത്ത് വന്ന പിണറായി വിജയന്‍ ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസിനെ ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി വളര്‍ന്നിട്ടില്ലെന്ന് തുറന്നടിക്കുകയായിരുന്നു.
വെള്ളാപ്പള്ളിയോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട പിണറായി, ഗുരുവിനെ ജാതിയുടെ പ്രതിനിധിയാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരുപറഞ്ഞത് ഓര്‍ക്കുന്നത് നല്ലതാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.
വി.എസും പിണറായിയും ഒറ്റക്കെട്ടായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരായി രംഗത്ത് വരുന്നത് തങ്ങളുടെ ഭരണ തുടര്‍ച്ച എന്ന സ്വപ്നത്തിന് തിരിച്ചടിയാകുമോയെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും.
സി.പി.എം വോട്ട് ബാങ്കായ ഈഴവ വിഭാഗത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പി -എസ്.എന്‍.ഡി.പി യോഗ സഹകരണത്തിന് കഴിയുമെന്നും ഈ അവസരം മുതലെടുത്ത് ഭരണ തുടര്‍ച്ച സാധ്യമാക്കാമെന്നുമായിരുന്നു യു.ഡി.എഫ് നേതാക്കളുടെ കണക്കുകൂട്ടല്‍.
വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ നീക്കങ്ങളെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
പിണറായിയും വി.എസും ഒരിക്കലും യോജിക്കില്ലെന്നും ഇതോടെ അസംതൃപ്തരായ സി.പി.എം അനുഭാവികള്‍ ബി.ജെപിക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു യു.ഡിഎഫിന്റെ കണക്കു കൂട്ടല്‍.
പ്രതിപക്ഷ വോട്ട് ഭിന്നിക്കുന്നതോടെ എളുപ്പത്തില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന കണക്കുകള്‍ നേതാക്കള്‍ ഹൈക്കമാന്റിനും കൈമാറിയിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിച്ചതോടെ ഈ സ്വപ്നങ്ങളെല്ലാം മുള്‍മുനയിലായിരിക്കുകയാണ്.
സി.പി.എം-ബി.ജെ.പി കേഡര്‍മാരും അനുഭാവികളും കടുത്ത ശത്രുതയോടെ നിലകൊണ്ടതോടെ വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തിയത് യഥാര്‍ത്ഥത്തില്‍ സി.പി.എം ആണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആര്‍.എസ്.പി, ജനതാദള്‍, കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം എന്നിവരെ മടക്കിക്കൊണ്ടുവരാനാണ് വി.എസ്-പിണറായി-കോടിയേരി അച്ചുതണ്ടിന്റെ തീരുമാനം.
യു.ഡി.ഫ് സര്‍ക്കാരിനെതിരായി ശക്തമായി ആഞ്ഞടിക്കാനും എസ്.എന്‍.ഡി.പി -ബി.ജെ.പി കൂട്ടുകെട്ട് തുറന്ന് കാട്ടാനും വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് സി.പി.എം സംഘടിപ്പിച്ചിരിക്കുന്നത്.
പരസ്യമായല്ലെങ്കിലും രഹസ്യമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് വെള്ളാപ്പള്ളി സ്വീകരിക്കുമെന്ന് തന്നെയാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.


