ലക്ഷ്യമിട്ടത്‌ നവാസ് ഷെരീഫിനെ വധിക്കാന്‍; കൊല്ലപ്പെട്ടത് വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണത്തില്‍ സൈനിക ഹെലികോപ്ടര്‍ സ്‌കൂളിനുമേല്‍ തകര്‍ന്നു വീണ് കൊല്ലപ്പെട്ടത് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം ആറു പേര്‍. ഗില്‍ജിത്ഫബാള്‍ട്ടിസ്താന്‍ എ മേഖലയില്‍ ആണ് സംഭവം നടന്നതെന്നും ആറ് പേര്‍ മരിച്ചുവെന്നും സൈന്യം അറിയിച്ചു.

നോര്‍വീജിയന്‍ അംബാസഡര്‍ ലൈഫ് ലാര്‍സ, ഫിലിപ്പീന്‍ അംബാസഡര്‍ ഡൊമിംഗോ ലുസെനാരിയോയും ആണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യന്‍, മലേഷ്യന്‍ അംബാസഡര്‍മാരുടെ ഭാര്യമാരാണ് മരിച്ച രണ്ടു സ്ത്രീകള്‍. ഒപ്പം രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. ഡച്ച്,പോളിഷ് അംബാസഡര്‍മാര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. നാലു ദിവസത്തെ വിനോദയാത്രക്ക് തിരിച്ചതായിരുന്നു നയതന്ത്ര സംഘം.

അതിനിടെ, കോപ്ടര്‍ അപകടത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് പാക് താലിബാന്‍ രംഗത്തത്തെി. പ്രധാനമന്ത്രി നവാസ് ഷരീഫിനെയാണ് ലക്ഷ്യമിട്ടെതെന്നും അവര്‍ പറയുന്നു. തങ്ങള്‍ ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ ഉപയോഗിച്ച് ഹെലികോപ്ടര്‍ തകര്‍ത്തിട്ടതായും നിരവധി വിദേശ അംബാസിഡര്‍മാര്‍ കൊല്ലപ്പെട്ടുവെും ഉര്‍ദു ഭാഷയിലെ ഇ മെയ്ല്‍ സന്ദേശത്തില്‍ താലിബാന്‍ വക്താവ് മുഹമ്മദ് ഖുറേസാനി അറിയിച്ചു. എന്നാല്‍, സൈന്യം ഇക്കാര്യം നിഷേധിച്ചു. അപകടത്തിന് തീവ്രവാദ ബന്ധമില്ലെന്നും സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാണെുമാണ് സൈന്യത്തിന്റെ വിശദീകരണം.

17 പേരായിരുന്നു അപകടത്തില്‍പ്പെട്ട എം.ഐ 17 ഹെലികോപ്ടറില്‍ ഉണ്ടായിരുതെന്നും ഇതില്‍ 11 പേര്‍ വിദേശികള്‍ ആയിരുന്നുവെും സൈനിക വക്താവ് മേജര്‍ ജനറല്‍ അസിം ബജ്വ അറിയിച്ചു. അപകടത്തില്‍ രക്ഷപ്പെട്ട മറ്റു യാത്രക്കാര്‍ക്ക് ചെറുതും വലുതുമായ പരിക്കുകള്‍ ഉണ്ട്. ഇവരെ ജുത്യാലിലെ കമ്പൈയ്ന്‍ഡ് മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തു നിന്നും 30 കിലോമീറ്റര്‍ ദൂരെയാണ് ഈ ആശുപത്രി.

തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്ക് ആണ് കോപ്ടര്‍ തകര്‍ന്നുവീണ ഗില്‍ജിത്ഫ ബാള്‍ട്ടിസ്താന്‍ അടങ്ങുന്ന നാല്‍താള്‍ താഴ്‌വര. ഹിമാലയം,കാരക്കോണം,ഹിന്ദുക്കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്. നയതന്ത്ര സംഘത്തിനടുത്തേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി നവാസ് ഷരീഫ് അപകട വിവരം അറിഞ്ഞ് യാത്രാമധ്യേ മടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top