പാക് താരം യൂനിസ് ഖാന് ഇന്ന് 100ാം ടെസ്റ്റ് മത്സരം

കൊളംബോ: പാകിസ്താന്റെ വെറ്ററന്‍ താരം യൂനിസ് ഖാന്‍ കരിയറിലെ 100ാം ടെസ്റ്റിന് ഇറങ്ങുന്നു. ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഈ ഒരു പ്രത്യേകതയും ഉള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് 37കാരനായ യൂനിസിനുള്ളത്. 99 ടെസ്റ്റുകളില്‍ 53.71 ശരാശരിയില്‍ 8,594 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 29 സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. വ്യാഴാഴ്ചത്തെ മത്സരത്തോടെ 100 ടെസ്റ്റ് കളിക്കുന്ന അഞ്ചാം പാക് താരമായി യൂനിസ് മാറും. ജാവേദ് മിയാന്‍ദാദ്, സലീം മാലിക്, വസീം അക്രം, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരാണ് 100 ടെസ്റ്റ് കളിച്ച മറ്റു പാക് താരങ്ങള്‍.

ടെസ്റ്റില്‍ 29 സെഞ്ച്വറികളുള്ള യൂനിസ് ഖാന്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ്. പാകിസ്താനായി ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത താരവും യൂനിസ് തന്നെ. 108 ക്യാച്ചുകളാണ് 99 ടെസ്റ്റുകളില്‍ യൂനിസ് എടുത്തിട്ടുള്ളത്.

സാറ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുക. ലങ്കയെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യ വേദിയാണിത്. ആദ്യ ടെസ്റ്റ് ജയിച്ച പാകിസ്താന്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.

Top