ലാഹോര്‍: സിംബാബ്‌വെ – പാകിസ്ഥാന്‍ ഒന്നാം ഏകദിന മത്സരത്തില്‍ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം അപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ വിദ്വേഷത്തിന്റെ കരിനിയലുകള്‍ക്കപ്പുറം ഇന്ത്യാ-പാക് ജനങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ വികാരം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന അപൂര്‍വ്വ സന്ദര്‍ഭമായിരുന്നു ആ ബാനര്‍. ‘ഇന്ത്യ നിങ്ങളെ ഞങ്ങള്‍ക്ക് മിസ് ചെയ്യുന്നു’ എന്ന ബാനറുയര്‍ത്തിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ വന്ന ക്രിക്കറ്റ് അവര്‍ ആഘോഷിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി പാകിസ്താനില്‍ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ട്. 2008ല്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള ക്രിക്കറ്റ് ബന്ധം വിഛേധിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ മാസം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് പരമ്പര പുനരാംഭിക്കാനുളള തീരുമാനത്തിന് വഴിവെച്ചിട്ടുണ്ട്. യുഎഇയില്‍ വെച്ചാണ് ഇരുടീമും ഏറ്റുമുട്ടുക.


