പാക്കിസ്ഥാനിലെ ആദ്യ വനിതാ ഓട്ടൊ ഡ്രൈവര്‍

യുദ്ധവും തീവ്രവാദികളുടെ ആക്രമണവും രാഷ്ട്രീയ കലാപങ്ങളുമൊക്കെയുള്ള നാട്ടില്‍ നിന്ന് വനിതകള്‍ക്ക് മാത്രമായി ഓട്ടൊറിക്ഷ. ഇളം പിങ്കും വെള്ളയും നിറങ്ങളില്‍ പ്രത്യേക വാതിലുകളുമൊക്കെയുള്ള, ഡ്രൈവറുടെ ക്യാബിനില്‍ ഒരു കൊച്ചു ഫാനും ഓട്ടൊറിക്ഷയിലുണ്ട്. സ്ത്രീകള്‍ക്ക് മാത്രമാണ് ഈ പിങ്ക് ഓട്ടൊറിക്ഷയിലേക്ക് പ്രവേശം. സ്ത്രീകള്‍ക്ക് മാത്രമായി എന്തിന് ഓട്ടൊറിക്ഷ എന്നു ചോദിക്കേണ്ട. പകല്‍ നേരത്തു പോലും സ്ത്രീകള്‍ക്ക് തനിച്ചും കൂട്ടമായും നടക്കാന്‍ പോലുമാകാത്ത പാക്കിസ്ഥാനില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവാണ് പിങ്ക് ഓട്ടൊയുടെ പിറവിക്ക് പിന്നില്‍. സ്ത്രീകള്‍ മാത്രമായുള്ള ഓട്ടൊറിക്ഷയെന്ന ആശയത്തിന് പിന്നിലും ഒരു വനിതയാണ്.

പാക്കിസ്ഥാനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ സറ അസ്ലം എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പാകിസ്താനില്‍ ആദ്യമായി വനിത ഓട്ടൊറിക്ഷ എന്ന സംരംഭം ആരംഭിക്കുന്നത്. ലാഹോറിലാണ് പാകിസ്താനിലെ ആദ്യ വനിത ഓട്ടൊറിക്ഷ ഓടുന്നത്. ലാഹോര്‍ സ്വദേശികളായ സ്ത്രീകള്‍ തന്നെയായിരിക്കും ഓട്ടൊറിക്ഷ ഡ്രൈവര്‍മാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ ഒരു ഓട്ടൊറിക്ഷമാണ് ലഹോറിലെ നിരത്തിലിറങ്ങുന്നത്. പിന്നീട് സ്ത്രീകളുടെ ഓട്ടൊറിക്ഷ എന്ന സംവിധാനം വ്യാപകമാക്കുകയാണ് ലക്ഷ്യമെന്നു പറയുന്നു നോണ്‍ പ്രോഫിറ്റ് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫണ്ടിന്റെ പ്രസിഡന്റ് കൂടിയായ സറ അസ്ലം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നതോടെയാണ് വനിത ഓട്ടൊറിക്ഷകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്.
തനിച്ചു സഞ്ചരിക്കുന്നവരെ മാത്രമല്ല കൂട്ടമായി പോകുന്ന സ്ത്രീകളെ വരെ തട്ടിക്കൊണ്ടു പോകലും പരസ്യമായി പരിഹസിക്കുകയും അസഭ്യങ്ങള്‍ പറയുകയും ഏറിയതോടെയാണ് വനിതകള്‍ മാത്രമായി പിങ്ക് റിക്ഷ പദ്ധതി ആരംഭിക്കുന്നത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഏറിയെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. സാമ്പത്തികമായി സ്ത്രീകളെ ശാക്തീകരിക്കുന്നതിനും പിങ്ക് റിക്ഷയിലൂടെ സാധിക്കുമെന്നും സറ അസ്ലം പറയുന്നു.

ലാഹോറില്‍ പുരുഷന്‍മാരായ ഓട്ടൊറിക്ഷ ഡ്രൈവര്‍മാരുടെ യാത്രികരോടുള്ള സമീപനം തീരെ മോശമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സറ അസ്ലമിനും അക്രമകാരികളുടെ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷെ അതില്‍ നിന്നു രക്ഷപ്പെട്ടുവെന്നും ആ ഓര്‍മയാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നതിനു പ്രേരിപ്പിച്ചതെന്നും സറ പറയുന്നു.
മൂന്നു ലക്ഷം രൂപയാണ് ഒരു ഓട്ടൊയുടെ നിര്‍മാണ ചെലവ്. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടു കൂടി ഇനിയും ഓട്ടൊറിക്ഷകള്‍ വങ്ങാനാണ് ആലോചിക്കുന്നത്. സര്‍ക്കാരിന്റെ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Top