പാക്കിസ്താനില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്ന് നുണപരിശോധനയില്‍ പാക് ഭീകരന്‍ നവീദ്

ന്യൂഡല്‍ഹി: കശ്മീരിലെ ഉധംപുരില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിന്റെ നുണപരിശോധനാ ഫലം പുറത്ത്. പാകിസ്താനില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്ന് പരിശോധനയില്‍ നവീദ് സമ്മതിച്ചു.

ലഷ്‌കറെ തൊയ്ബ ക്യാമ്പില്‍ നിന്ന് പരിശീലനം കിട്ടിയിരുന്നു. പാകിസ്താനിലെ ഒരു മതപുരോഹിതനാണ് തന്നെ റിക്രൂട്ട് ചെയ്തതെന്നും പണവും വീടും നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതായും നവീദ് നുണപരിശോധനയില്‍ പറഞ്ഞതായി സി.എന്‍.എന്‍ -ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

നവീദ് തുടര്‍ച്ചയായി മൊഴി മാറ്റുന്നതിനാലാണ് എന്‍.ഐ.എ നുണപരിശോധനക്ക് വിധേയമാക്കിയത്. ഡല്‍ഹിയിലെ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലായിരുന്നു നുണപരിശോധന. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയില്‍ എത്തിയിരുന്നു. നവീദിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഡല്‍ഹി കോടതി തിങ്കളാഴ്ചയാണ് അനുമതി നല്‍കിയത്.

അതിനിടെ ഉധംപുരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിന്റെ രണ്ട് കൂട്ടാളികളുടെ രേഖാചിത്രം എന്‍.ഐ.എ പുറത്തുവിട്ടു. നവീദിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. ഇവരെ പിടികൂടാന്‍ കഴിയാത്തത് കനത്ത സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. സര്‍ഖാന്‍ എന്ന മുഹമ്മദ് ഭായിയുടെയും (38-40 വയസ്സ്) അബു ഉക്കാഷയുടെയും (18) രേഖാചിത്രമാണ് പുറത്തുവിട്ടത്. ഇവര്‍ പാകിസ്താന്‍ സ്വദേശികളെന്നാണ് സൂചന. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്.

Top