കറാച്ചി: പാകിസ്ഥാനില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. നോര്‍ത്ത് കറാച്ചി സ്വദേശിയായ അഫ്താബ് ആലമാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ എണ്ണം രണ്ടായി.
ബുധനാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ വീടിന് മുന്നില്‍ നിന്ന അഫ്താബിന് നേരെ തുരു തുരാ നിറയൊഴിക്കുകയായിരുന്നു. അഫ്താബിന്റെ തലയിലാണ് വെടിയേറ്റത്. മുന്പ് ജിയോ ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന അഫ്താബ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയില്‍ കറാച്ചിയിലെ ബഹാദുരാബാദിനടുത്ത് വച്ച് ജിയോ ന്യൂസ് ചാനലിന്റെ വാനിന് നേരെ തോക്കുധാരികള്‍ ആക്രമണം നടത്തി അര്‍ഷാദ് അലി ജഫ്രി എന്നയാളെ കൊല്ലുകയും ഡ്രൈവറിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നകാര്യം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


