പമോയില്‍ കേസ് : ചീഫ് സെക്രട്ടറിക്ക്‌ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പാമോയില്‍ കേസ് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. ജിജിയുടെ പ്രസ്താവന അനാവശ്യവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിനെ വെട്ടിലാക്കുകയാണോ ചീഫ് സെക്രട്ടറിയുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇതോടെ മന്ത്രിമാരും ജിജിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. ജിജിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍ക്കാരിനെ അത് പ്രതിരോധത്തില്‍ ആക്കിയെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. പാമോയില്‍ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ നടത്തരുതായിരുന്നു എന്നും മന്ത്രിമാര്‍ പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ വാക്കുകള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന രീതിയില്‍ തന്നെയാണെന്നാണ് വിമര്‍ശനം. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ചീഫ് സെക്രട്ടറി ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശനം.

പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കെ. കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും മന്ത്രിസഭാ തീരുമാനത്തിനെതിരേ അന്നുതന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ജിജി തോംസണ്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

കഴിഞ്ഞ 25 വര്‍ഷമായി ചെയ്യാത്ത തെറ്റിനാണു താന്‍ ഗൂഢാലോചനയുടെ കുരിശു ചുമക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കിയിരുന്നു. ജിജി തോംസണിന്റെ വെളിപ്പെടുത്തലിനെതിരെ അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയും മന്ത്രിയായിരുന്ന ആര്‍. ബലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു.

പാമോയില്‍ ഇറക്കുമതിയില്‍ സിവില്‍സപ്ലൈസ് എം.ഡിയായിരുന്ന ജിജി തോംസണ്‍ അനാവശ്യ ഇടപെടല്‍ നടത്തിയതായും സര്‍ക്കാര്‍ അനുമതയില്ലാതെ മലേഷ്യന്‍ യാത്ര നടത്തിയതായും മുസ്തഫ തുറന്നടിച്ചിരുന്നു.

എന്നാല്‍, തെറ്റിദ്ധാരണ പരത്തുകയോ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുകയോ ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ജിജി തോംസണ്‍ വിശദീകരിച്ചു.

Top