പത്രക്കാര്‍ക്ക്‌ എക്‌സൈസുകാരുടെ ‘പണി’; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ബാര്‍ പൂട്ടി

തിരുവനന്തപുരം: അനധികൃത ക്ലബ് ബാറിനെതിരെ വാര്‍ത്ത നല്‍കി എക്‌സൈസ് ഉദ്യോഗസ്ഥരുടെ തൊപ്പിതെറുപ്പിച്ച പത്രക്കാര്‍ക്ക് എക്‌സൈസുകാര്‍ പണികൊടുത്തു. റെയ്ഡു നടത്തി പൂട്ടിക്കും മുമ്പെ സങ്കേതം എന്ന ഓമനപ്പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അനധികൃത ബാര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ തന്നെ പൂട്ടി.

എക്‌സൈസുമായുള്ള പ്രശ്‌നം തീര്‍ത്ത് അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം തുറക്കാമെന്ന ഉറപ്പില്‍ താല്‍ക്കാലികമായാണ് അടച്ചതെന്നാണ് പതിവുകാരായ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സംസ്ഥാനത്തെ 700 ല്‍ പരം ബാറുകള്‍ അടച്ചു പൂട്ടിയിട്ടും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ലൈസന്‍സ് ഇല്ലാതെ ബാര്‍ പ്രവര്‍ത്തിക്കുന്ന വിവരം ഓണ്‍ലൈന്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.

അഴിമതിയും ക്രമക്കേടും ചൂണ്ടികാട്ടി രാഷ്ട്രീയക്കാരെ നിര്‍ത്തിപ്പൊരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ നിയമം കാറ്റില്‍പറത്തിയാണ് ബാര്‍ നടത്തിയിരുന്നത്. ഇതു വിവാദമായതോടെ എക്‌സൈസ് മന്ത്രിയുടെ വാക്കാല്‍ നിര്‍ദ്ദേശം മാനിച്ച് ബാര്‍ അടച്ചു. എന്നാല്‍ വിവാദം ഒതുങ്ങിയപ്പോള്‍ വീണ്ടും തുറക്കുകയും ചെയ്തു.

ഫൈവ്സ്റ്റാറിന് കീഴിലുള്ള എല്ലാ ബാറുകളും അടച്ചു പൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനത്ത് ക്ലബ്ബുകളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അന്‍പതില്‍ പരം ക്ലബ്ബുകള്‍ക്ക് നിലവില്‍ ബാര്‍ ലൈസന്‍സുണ്ട്. ഈ ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അവര്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുത്തിട്ടുമുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ആകട്ടെ, അനധികൃതമാണ്. യാതൊരു ലൈസന്‍സും അതിനില്ല. പത്ര പ്രവര്‍ത്തകര്‍ക്ക് കുപ്പിയുമായി വന്നു സൈ്വര്യമായി മദ്യപിക്കാനുള്ള സങ്കേതം എന്ന നിലക്കാണ് ഇതു ആരംഭിച്ചത്.

പില്‍ക്കാലത്ത് അത് എ.സി സൗകര്യമുള്ള ബാറായി മാറി. മദ്യം ശേഖരിച്ച് വെച്ച് അംഗങ്ങള്‍ക്ക് വില്‍ക്കുന്ന സംവിധാനം വന്നു. ഇതിനു ജീവനക്കാരെയും ഏര്‍പ്പെടുത്തി . തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ മുഴുക്കുടിയന്മാരും കടക്കാരും ആക്കി മാറ്റിയതിനു പിന്നില്‍ സങ്കേതം ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം ഒരു ക്ലബ്ബില്‍ അനധികൃത ബാര്‍ പിടികൂടിയ സംഭവമാണ് പ്രസ് ക്ലബ് ബാര്‍ അടക്കാന്‍ ഇടയാക്കിയത്. ക്ലബ്ബിലെ രണ്ടു ഭാരവാഹികളെ പൊലിസ് അറസ്റ്റ് ചെയ്യുകയും രണ്ടു മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ഉണ്ടായി.

എക്‌സൈസുകാരുടെ അനാസ്ഥയാണ് ക്ലബ്ബില്‍ അനധികൃത ബാര്‍ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു. ഇതില്‍ രോഷാകുലരായ തലസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രസ് ക്ലബ് ബാര്‍ റെയിഡ് ചെയ്ത് പൂട്ടിക്കാന്‍ തീരുമാനിച്ചു. ഈ വിവരം എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടിയതിനാലാണ് തിരക്കിട്ട് സങ്കേതം പൂട്ടിയത്.

Top