പതിനൊന്ന് വയസ്സുകാരനെ തീയിട്ട് കൊന്ന കേസില്‍ ആരോപണവിധേയനായ ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

ഹൈദരാബാദ്: പതിനൊന്ന് വയസ്സുകാരനെ തീയിട്ട് കൊന്ന കേസില്‍ ആരോപണവിധേയനായ കരസേനാ ജവാന്‍ അപ്പാല രാജു സ്വയം വെടിവെച്ച് മരിച്ചു. തിങ്കളാഴ്ച അതികാലത്ത് മെഹ്തി പട്ടണത്തെ കരസേനാ ഗാരിസണിന് സമീപമാണ് രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടുകിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

സൈനിക അധികാരികളും അന്വേഷണം നടത്തുന്നുണ്ട്. ഒക്‌ടോബര്‍ ഒമ്പതിനാണ് മദ്‌റസാ വിദ്യാര്‍ഥിയായ മുസ്തഫയുടെ ദേഹമാസകലം പൊള്ളലേറ്റ ശരീരം ഗാരിസണിന്റെ പ്രധാന കവാടത്തിന് സമീപം കണ്ടെത്തിയത്. ചില സൈനികരാണ് തന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് ആണ്‍കുട്ടി ആശുപത്രിയില്‍ മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

ഗാരിസണിന് സമീപത്തെ സിദ്ദിഖ് നഗര്‍ സ്വദേശിയാണ് മുസ്തഫ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ അടുത്ത ദിവസം മരിച്ചു. ഈ സംഭവത്തില്‍ തിരിച്ചറിയാത്ത ഒരു ജവാനെതിരെ കേസെടുത്തിട്ടുണ്ട്. ഒരു പ്രത്യേക സംഘത്തെ അന്വേഷണ ദൗത്യം ഏല്‍പ്പിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ സൈനികര്‍ക്കാര്‍ക്കും പങ്കില്ലെന്ന് കരസേന നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണവുമായി സൈന്യം പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് കരസേനാ അധികാരികള്‍ അറിയിച്ചു.

Top