പട്ടേല്‍ സമരം: അക്രമത്തെ അപലപിച്ച് നരേന്ദ്ര മോഡി; വേണ്ടത് സംവരണമല്ല വികസനം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന സമരത്തിനിടെയുണ്ടായ അക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഗുജറാത്തില്‍ നടന്ന അക്രമങ്ങള്‍ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ഗാന്ധിജിയുടെയും പട്ടേലിന്റെയും നാട്ടില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ജാതി സംവരണമല്ല വികസനമാണ് വേണ്ടതെന്നും മോഡി വ്യക്തമാക്കി. പ്രതിവാര റേഡിയോ പരിപാടിയായ മാന്‍ കി ബാതിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും അവതരിപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുമായി ധാരണയില്‍ എത്തിയ ശേഷമേ ഓര്‍ഡിനന്‍സുമായി മുന്നോട്ടു പോകൂ. 13 കേന്ദ്ര നിയമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കറുടെ ലണ്ടനിലെ വസതി വാങ്ങിയ മഹാരാഷ്ട്ര സര്‍ക്കാരിനെ മോഡി അഭിനന്ദിച്ചു.

ജന്‍ ധന്‍ യോജന വിജയിപ്പിച്ച ജനങ്ങള്‍ക്കും മോഡി അഭിനന്ദനം അറിയിച്ചു. ജന്‍ ധന്‍ യോജനയുടെ കീഴില്‍ 17.74 ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായും മോഡി പറഞ്ഞു. ശാസ്ത്രത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കണമെന്ന് പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.

Top