ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂരിലുണ്ടായ ഭീകരാക്രമണം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായതായും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം എന്ത് നേട്ടമുണ്ടായതെന്ന് വ്യക്തമാക്കണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തെത്തി. തീവ്രവാദികള്‍ എത്തിയത് അതിര്‍ത്തിയില്‍ നിന്നാണ്. അതിര്‍ത്തി വഴിയുള്ള സുരക്ഷാകാര്യങ്ങള്‍ നോക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലെന്നും ബാദല്‍ പറഞ്ഞു. ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.


