ചണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസിനുള്ളില്‍ പീഡനശ്രമത്തെ എതിര്‍ത്ത പതിനാലുകാരിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള പഞ്ചാബ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍.
വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രഖ്‌റ നടത്തിയ പരാമര്‍ശമാണു വിവാദമായിരിക്കുന്നത്. സംഭവം ദൈവനിശ്ചയമായിരുന്നുവെന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നുമാണ് പഞ്ചാബ് ഗ്രാമവികസനമന്ത്രി സുര്‍ജീത് രാഖ്‌റ പറഞ്ഞത്.
‘ദൈവത്തിന്റെ വിധിയെ തടയാന്‍ ആര്‍ക്കും കഴിയില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍പ്പെടുന്നു. ഇവയൊക്കെ ദൈവത്തിന്റെ വിധിയായി മാത്രം കാണുക.’ ഇങ്ങനെയായിരുന്നു പീഡനത്തോട് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നടത്തുന്ന പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ മരണാനന്തരച്ചടങ്ങുകള്‍ നടത്താനോ, സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാനോ ബന്ധുക്കള്‍ തയ്യാറായിട്ടില്ല.
ബസ് ഉടമയും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനെതിരെ കേസെടുക്കണമെന്നും സംഭവം സി.ബി.െഎ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തും.


