മുംബൈ: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മത്സരങ്ങളുടെ ഷെഡ്യൂള്‍ മാറിയത് കാരണം നല്ല രീതിയില്‍ വിശ്രമം ലഭിച്ച മുംബൈ ടീമിന് ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ രാജ്സ്ഥാനില്‍ നിന്നേറ്റ തോല്‍വിക്ക് പകരം വീട്ടാനുള്ള നല്ല അവസരമാണിത്.ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മിന്നുന്ന ഫോം കാഴ്ചവച്ച രാജസ്ഥാന്‍ റോയല്‍സ് തളരുന്ന കാഴ്ച്ചയാണ് ടൂര്‍ണമെന്റ് പാതിവഴിയായപ്പോള്‍ കാണാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏപ്രില്‍ 25നായിരുന്നു മുംബൈ തങ്ങളുടെ അവസാന മത്സരം കളിച്ചത്.
ഒരാഴ്ച്ചയോളമാണ് മുംബൈ താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചത്. വിശ്രമവേളകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ട ചുമതല കൂടിയുണ്ട് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക്. ലീഗില്‍ തുടരെ അഞ്ച് ജയങ്ങള്‍ നേടിയ രാജസ്ഥാന് പിന്നീട് രണ്ട് കളികളില്‍ തോല്‍വി വഴങ്ങേണ്ടിയിരുന്നു.
പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ മഴ കൊണ്ടുപോകുകയും ചെയ്തു. അതിനാല്‍ ലീഗില്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിക്കാന്‍ അവര്‍ക്ക് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചേ മതിയാകൂ.
മഴ കാരണം ഉപേക്ഷിച്ച റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലും ബൗളര്‍മാരുടെ പ്രകടനം വളരെ മോശമായിരുന്നു. ബെംഗളൂരു മുന്‍നിരയെ ഒതുക്കി നിര്‍ത്തിയിട്ടും 200 റണ്‍സ് വഴങ്ങിയത് അവരുടെ ബൗളിങ്ങിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.
മുബൈയുടെയും ബൗളിങ് ഇത്തവണ അത്ര മെച്ചമല്ല. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മാത്രമാണ് ബൗളര്‍മാര്‍ കാര്യമായി തിളങ്ങിയത്. മലിംഗയും മക്ലെനാഗനും അതേ മികവ് ഇനിയുള്ള മത്സരങ്ങളിലും തുടര്‍ന്നാല്‍ മാത്രമേ അവര്‍ക്ക് ടൂര്‍ണമെന്റില്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടാവുകയുള്ളൂ.ലസിത് മലിംഗയ്ക്ക് തുടക്കത്തിലുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതായിരുന്നു മുംബൈയുടെ തോല്‍വികളില്‍ ഏറെ നിഴലിച്ച ഘടകം.


