വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകനും സ്പിന്നറുമായ ഡാനിയല്‍ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ന്യൂസിലാന്‍ഡ് ലോകകപ്പില്‍ റണ്ണേഴ്‌സ്അപ്പായശേഷമാണ് മുപ്പത്തിയാറുകാരനായ വെട്ടോറി ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ലോകകപ്പില്‍ 20.46 ശരാശരിയില്‍ 15 വിക്കറ്റ് കാഴ്ചവെച്ച് തന്റെ പ്രകടനം മികച്ചതാക്കി.
ഏകദിനത്തില്‍ 305 വിക്കറ്റും ടെസ്റ്റില്‍ 362 വിക്കറ്റുമാണ് വെട്ടോറിയുടെ സമ്പാദ്യം. ഏകദിനത്തിലും ടെസ്റ്റിലും 300ല്‍ അധികം വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ക്രിക്കറ്ററാണ് വെട്ടോറി. പതിനെട്ടാമത്തെ വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ വെട്ടോറി 2008 മുതല്‍ 2011 ലോകകപ്പ് വരെ ന്യൂസിലാന്‍ഡ് ടീം നായകനുമായിരുന്നു.
ബൗളറായി മാത്രമല്ല, ബാറ്റ്‌സ്മാനായും കഴിവ് തെളിയിച്ചിരുന്ന വെട്ടോറിയെ ഓള്‍റൗണ്ടറായാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. ടെസ്റ്റില്‍ 30 റണ്‍സ് ശരാശരിയില്‍ 4531 റണ്‍സും ഏകദിനത്തില്‍ 2227 റണ്‍സും വെട്ടോറി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ആറു സെഞ്ച്വറിയും ഏകദിനത്തില്‍ നാലുസെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


