മതേതര രാജ്യമായി ഉറച്ചു നില്‍ക്കാന്‍ നേപ്പാള്‍; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

കഠ്മണ്ഡു: ഹിന്ദുരാഷ്ട്രത്തിലേക്ക് തിരിച്ചു പോകണമെന്ന യാഥാസ്ഥിതികരുടെ വാദം തള്ളി നേപ്പാള്‍ പാര്‍ലമെന്റ്. പുതിയ ഭരണഘടനയുടെ കരട് രൂപം അംഗീകരിക്കുന്ന വേളയിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ തീരുമാനത്തിലെത്തിയത്.

മൂന്നില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങളും നേപ്പാളിനെ തിരികെ ഹിന്ദുരാഷ്ട്രമാക്കുന്നതിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്.

പുതിയ നിയമം നടപ്പാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. രാഷ്ട്രീയ പ്രജതന്ത്ര പാര്‍ട്ടി നേപ്പാള്‍, നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേപ്പാള്‍ എന്നീ പാര്‍ട്ടികള്‍ക്ക് നേപ്പാളിനെ രാജവാഴ്ചയുള്ള രാജ്യമാക്കാനായിരുന്നു താല്‍പര്യം.

നൂറ്റാണ്ടുകളായുള്ള രാജഭരണകാലത്ത് നേപ്പാള്‍ ഹിന്ദുരാഷ്ട്രമായിരുന്നു. എന്നാല്‍ 2006ല്‍ രാജവാഴ്ച ഇല്ലാതായതോടെ നേപ്പാളിനെ മതേതരരാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

നേപ്പാളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്, രാജാക്കന്‍മാര്‍ ഭഗവാന്‍ വിഷ്ണുവിന്റെ പുനരവതാരമാണ് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

പുതിയ ഭരണഘടന വരുമെന്നറിഞ്ഞതോടെ പാര്‍ലമെന്റിനു പുറത്ത് ഹിന്ദുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. പൊലീസ് ജലപീരങ്കിയും ലാത്തിവീശുകയും ചെയ്തു.

പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഐക്യരാഷ്ട്രസംഘടനയുടെ വാഹനവും ഇരായായി. ആക്രമണത്തില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഠ്മണ്ഡുവില്‍ സുരക്ഷ ശക്തമായി. പൊലീസിന്റെ പൂര്‍ണ സംരക്ഷണയിലാണ് പാര്‍ലമെന്റ് കെട്ടിടം.

വര്‍ഷങ്ങളായി നേപ്പാളിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭരണഘടന പുനരുദ്ധരിക്കുന്നത് തടസ്സപ്പെട്ടുകിടക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പാര്‍ട്ടികള്‍ സമന്വയത്തിലെത്തുകയായിരുന്നു.

പുതിയ ഭരണഘടനയുടെ ഓരോ അനുച്ഛേദം വീതമാണ് വോട്ട് ചെയ്ത് അംഗീകരിക്കുന്നത്. രണ്ടു ദിവസമെങ്കിലുമെടുക്കും പൂര്‍ണമായും അംഗീകരിക്കാന്‍.

ഭരണഘടന നിലവില്‍ വന്നാല്‍ നേപ്പാളിനെ ഏഴ് ഫെഡറല്‍ പ്രവിശ്യകളായി മാറ്റും. പ്രവിശ്യകളുടെ അതിര്‍ത്തി, വലുപ്പം തുടങ്ങിയവയെ സംബന്ധിച്ചും തര്‍ക്കമുണ്ട്.

Top