നേപ്പാള്‍ ഭൂചലനം: ചരിത്ര സ്മാരകമായ ധരാഹര സ്‌ക്വയര്‍ തകര്‍ന്നടിഞ്ഞു

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനത്തെ തുടര്‍ന്ന് നൂറ്റമ്പതിലധികം പേര്‍ മരിച്ചതായി റിപ്പേര്‍ട്ടുകള്‍. നാനൂറിലധികം പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. രാജ്യത്തെ വാര്‍ത്താ വിനിമയ സംവിധാനം താറുമാറായി കിടക്കുന്നതിനാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്.

തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറും തകര്‍ന്നടിഞ്ഞു. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ധരാഹര സ്‌ക്വയറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ട്വിറ്ററില്‍ ഭൂകമ്പത്തിന് മുന്‍പും ശേഷവുമുള്ള ധരാഹര സ്‌ക്വയറിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഇവിടെ ഭൂകമ്പ തീവ്രത 7.9 ആണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. കാഠ്മണ്ഡുവിനടുത്തുള്ള പൊഖാറയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണു സൂചന.

ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും പാലം,റോഡുകള്‍ എന്നിവയും തകര്‍ന്നു. ഭൂകമ്പത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടതിനാല്‍ നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വഴി തിരിച്ചു വിട്ടു. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ത്രിഭുവന്‍ വിമാനത്താവളം പൂര്‍ണമായും തകര്‍ന്നു. ഹിമാലയത്തില്‍ ഹിമപാതവും ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നേപ്പാള്‍ പ്രസിഡന്റ് രാം ബരണ്‍ യാദവുമായി ഫോണില്‍ ബന്ധപ്പെട്ട് ഭൂചലനത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്.

Top