നേപ്പാള്‍ പറയുന്നു; മതി സഹായം എല്ലാവര്‍ക്കും മടങ്ങാം

കാഠ്മണ്ഡു: ഇന്ത്യയുള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാ സംഘങ്ങളോട് ദൗത്യം അവസാനിപ്പിച്ചു രാജ്യം വിടണമെന്നു നേപ്പാള്‍. ഭൂകമ്പമുണ്ടായി ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയാരെയും ജീവനോടെ കണ്ടെത്താനാവില്ലെന്നു കഴിഞ്ഞ ദിവസം നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വിദേശ സംഘങ്ങള്‍ രാജ്യം വിടണമെന്ന നിര്‍ദേശം. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ പൊലീസും സൈന്യവും ചേര്‍ന്നു നടത്തുമെന്ന് അധികൃതര്‍.
ദുരന്തത്തില്‍ 41 ഇന്ത്യക്കാരടക്കം 7365 പേരാണു മരിച്ചത്. പതിനായിരങ്ങള്‍ക്കു പരുക്കേറ്റു. ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ നേപ്പാളിലെത്തിയ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവയോടാണ് ഇനി തുടരേണ്ടതില്ലെന്ന് അറിയിച്ചത്. നേപ്പാളിലെ രക്ഷാദൗത്യത്തില്‍ ഏറ്റവും പ്രധാന സാന്നിധ്യമായിരുന്നു ഇന്ത്യ. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മാധ്യമങ്ങളും ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയത് നേപ്പാളിലെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെന്നു കരുതുന്നു.
ഇനി വലിയ കല്ലുകളടക്കം അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിന് ആവശ്യമായ ഉപകരണങ്ങളും സൈനിക എന്‍ജിനീയറിങ് വിദഗ്ധരെയും നല്‍കാന്‍ നേപ്പാള്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജപ്പാന്‍, തുര്‍ക്കി, ഉക്രെയ്ന്‍, യുകെ, നെതര്‍ലന്‍ന്‍ഡ്‌സ് സംഘങ്ങള്‍ മടങ്ങിപ്പോകാന്‍ ഒരുക്കം തുടങ്ങി.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ജീവനോടെ ശേഷിക്കാനിടയില്ലെന്നതിനാലാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നിര്‍ദേശമെന്നു ദേശീയ ദുരന്ത നിവാരണ സേനാ (എന്‍ഡിആര്‍എഫ്) മേധാവി ഒ.പി. സിങ്. 45,000 എന്‍ഡിആര്‍എഫ് ജവാന്മാരാണ് നേപ്പാളിലുണ്ടായിരുന്നത്. ഇവര്‍ മടങ്ങാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു.
കഴിഞ്ഞ 25നാണു നേപ്പാളിനെ പ്രേതഭൂമിയാക്കിയ ഭൂകമ്പമുണ്ടായത്. റിക്റ്റര്‍ സ്‌കെയ്‌ലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1.6 ലക്ഷത്തോം വീടുകള്‍ തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ 138 തുടര്‍ചലനങ്ങളുണ്ടായി. ഇതില്‍ പലതും റിക്റ്റര്‍ സ്‌കെയ്‌ലില്‍ നാലിനു മുകളില്‍ തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡു പത്തടി തെക്കോട്ടു നീങ്ങി. തുടര്‍ചലനങ്ങള്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുമെന്നാണു കരുതുന്നത്.
ഇന്നലെയും ഏഴു തുടര്‍ചലനങ്ങളുണ്ടായി. ിതിലൊന്നിനു 4.6 ആയിരുന്നു തീവ്രത. ദുരന്തം ഏറ്റവുമധികം നാശമുണ്ടാക്കിയ സിന്ധുപാല്‍ചൗക്കില്‍ ഇന്നലെ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള വ്യോമസന്ദര്‍ശനം നടത്തി. സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിച്ചുവെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. ദുരന്തത്തില്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Top