നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മത്സരിച്ച് ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും ചൈനയും

കാഠ്മണ്ഡു: ഭൂമികുലുക്കത്തില്‍ തകര്‍ന്ന നേപ്പാളിന് സഹായമേകാന്‍ കയ്യുംമെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കൊപ്പം മത്സരിക്കാന്‍ അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും.

ഏഷ്യയിലെ ‘സൂപ്പര്‍ പവര്‍’ രാജ്യമാകാന്‍ കിടപിടിക്കുന്ന ഇന്ത്യയും ചൈനയുമാണ് ദുരിതാശ്വാസത്തില്‍ വീറോടെ പൊരുതുന്നത്. ഭൂകമ്പമുണ്ടായ ഉടന്‍ ഇന്ത്യ രക്ഷാഹസ്തം നീട്ടിയിരുന്നു.

ഓപറേഷന്‍ മൈത്രി എന്നപേരില്‍ ഇന്ത്യന്‍ സൈന്യം മണിക്കൂറുകള്‍ക്കകം നേപ്പാളിലേക്ക് പറക്കുകയായിരുന്നു. ദുരന്തഭൂമിയില്‍ ഏറ്റവും ഉണര്‍ന്ന് പവര്‍ത്തിക്കുന്നതും ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകരാണ്.

13 വിമാനങ്ങളില്‍ 500 സൈനികരാണ് ഇന്ത്യയില്‍ നിന്നെത്തെിയത്. വെള്ളവും ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നുണ്ട്. 200ഓളം പേരെ ഇന്ത്യന്‍ സംഘം ഇതുവരെ രക്ഷിച്ചിട്ടുണ്ട്.

നേപ്പാളിലെ ടൂറിസം മേഖലക്കടക്കം സഹായമേകിയ ചൈനയും ദുരിത താഴ്‌വരയില്‍ കുതിച്ചെത്തിയിരുന്നു. 62 രക്ഷാപ്രവര്‍ത്തകര്‍ പുതപ്പും ടെന്റ് നിര്‍മാണ സാമഗ്രികളും ജനറേറ്ററുകളുമായാണ് വന്നത്.

170 സൈനികരുമായി നാല് വിമാനങ്ങള്‍ പിന്നാലെയത്തെുമെന്നും അറിയിച്ചിരുന്നു. പാകിസ്താന്‍ നാല് ചരക്കുവിമാനങ്ങളില്‍ കോണ്‍ക്രീറ്റ് മുറിക്കുന്ന യന്ത്രങ്ങളും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടത്തൊന്‍ നായകളെയുമാണ് കൊണ്ടുവന്നത്.

ചെറുതും ദരിദ്രവുമെങ്കിലും മേഖലയിലെ തന്ത്രപ്രധാന മേഖലയായ നേപ്പാളില്‍ അയല്‍രാജ്യങ്ങള്‍ ‘ദുരന്ത രാഷ്ട്രീയം’ കളിക്കുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ അഭിപ്രായം.

2.7 കോടി ജനസംഖ്യയുള്ള നേപ്പാള്‍ ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ്. 30 ലക്ഷം നേപ്പാളികള്‍ ഇന്ത്യയില്‍ ജോലിചെയ്യുന്നുണ്ട്.

എന്നാല്‍, അടുത്തിടെ ചൈനയുമായി സൗഹൃദം മുറുക്കിയ രാജ്യമാണ് നേപ്പാള്‍. നാട്ടിലുള്ള തിബത്തുകാരുടെ ചൈനാവിരുദ്ധ നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് നേപ്പാള്‍ ചൈനക്ക് ഉറപ്പും നല്‍കിയിരുന്നു. ചൈന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എത്തിയതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മനുഷ്യത്വപരമായ സമീപനം മാത്രമാണ് സഹായത്തിനു പിന്നിലെന്ന് ഈ അയല്‍രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധര്‍ ആണയിടുന്നു.

എന്നാല്‍, അയല്‍ക്കാരുടെ ഈ സ്‌നേഹത്തിന് നന്ദി അറിയിക്കുകയാണ് നേപ്പാള്‍ അധികൃതര്‍. ഭൂചലനത്തിന്റെ ആഘാതത്തിന് മുന്നില്‍ പകച്ചുപോയ തങ്ങള്‍ക്ക് സഹായം ആശ്വാസമായെന്നും ഇനിയും സഹായം വേണമെന്നും ചീഫ് സെക്രട്ടറി ലീല മണി പൗഡ്യാള്‍ പറഞ്ഞു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ഇന്ത്യയില്‍നിന്നുള്ള സംഘം ജോലി തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണസംഖ്യ പതിനായിരത്തിലത്തെിയതിനാല്‍ നേപാളിന്റെ ചരിത്രത്തിലെ 8,500 പേര്‍ കൊല്ലപ്പെട്ട 1934 ലെ വന്‍ഭൂകമ്പത്തേക്കാള്‍ വലിയ പ്രകൃതി ദുരന്തമായി ഇത് മാറി.

Top