നേപ്പാളിനെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ രംഗത്ത്

കാഠ്മണ്ഡു: പുതിയ ഭരണഘടനയില്‍ നേപ്പാളിനെ ഹൈന്ദവ രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഠ്മണ്ഡുവില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. കാഠ്മണ്ഡുവിലെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി മന്ദിരത്തിലേക്ക് നടന്ന പ്രകടനം പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു.

അഞ്ഞൂറോളം വരുന്ന പ്രകടനക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

രാജഭരണം നിരോധിച്ചതോടെ 2008ലാണ് നേപ്പാളിനെ മതേതര രാജ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ ഭരണഘടനയില്‍ രാജ്യത്തെ ഹൈന്ദവരാജ്യമായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ ഹൈന്ദവ സംഘടനളുടെ ആവശ്യം. ഹിന്ദു രാജാക്കന്മാര്‍ ഭഗവാന്‍ വിഷ്ണുവിന്റെ പുനര്‍ജന്മമാണെന്നാണ് നേപ്പാളിലെ വിശ്വാസം.

Top