നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള രഹസ്യരേഖകള്‍ പശ്ചിമബംഗാള്‍ പുറത്തുവിട്ടു

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെ പറ്റിയുള്ള 64 രഹസ്യരേഖകള്‍ പശ്ചിമബംഗാള്‍ പുറത്തുവിട്ടു. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്ത് ബോസിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് രേഖകള്‍ പുറത്തുവിട്ടത്.

മരിച്ചെന്ന് കരുതുന്ന 1945ന് ശേഷവും ബോസ് ജീവിച്ചിരുന്നു എന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

64 ഫയലുകളില്‍ ഒമ്പതെണ്ണം മാത്രമാണ് ഇന്റലിജന്‍സിന്റെ പക്കലുള്ളത്. ബാക്കിയുള്ള 55 എണ്ണവും കൊല്‍ക്കത്ത പൊലീസിന്റെ കൈവശമാണുള്ളതെന്ന് കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണര്‍ രാജീവ് മിശ്ര പറഞ്ഞു. ഫയലുകളുടെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ഉടന്‍ നല്‍കില്ലെന്നും മിശ്ര അറിയിച്ചു.

1937നും 1947നും ഇടയിലുള്ള ഡീക്‌ളാസിഫൈ ചെയ്ത ഫയലുകളാണ് പുറത്തുവിടുന്നത്. രേഖകള്‍ ബോസിന്റെ തിരോധാനത്തെ പറ്റി പുതിയ വിവരങ്ങള്‍ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫയലുകള്‍ എല്ലാം ഡിജിറ്റലൈസ് തെയ്യുമെന്ന് പശ്ചിംബംഗാള്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച ഏതാനും രേഖകള്‍ നേരത്തെ പരസ്യമാക്കിയിരുന്നു. 1997ല്‍ പുറത്തു വിട്ട ഇന്റലിജന്‍സ് രേഖകള്‍ പ്രകാരം നേതാജി അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് എട്ട് മാസത്തിന് ശേഷവും നേതാജി ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. 1945 ഓഗസ്റ്റ് 18ന് നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

Top