മൂന്നാര്‍: മാനേജ്‌മെന്റുമായി ഒത്തുകളിക്കുന്ന തൊഴിലാളി സംഘടനാ നേതൃത്വങ്ങള്‍ക്ക് കനത്ത പ്രഹരമായി തൊഴിലാളികള്‍.
തൊഴിലാളി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ച് ‘നേട്ടം’ കൊയ്യുന്ന നേതൃത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അക്രമാസക്തരായ തോട്ടം തൊഴിലാളികള്‍ മൂന്നാറിലെ എ.ഐ.ടി.യു.സി ഓഫീസ് അടിച്ച് തകര്‍ത്തത് സംസ്ഥാനത്തെ തൊഴിലാളി സംഘടനാ നേതൃത്വങ്ങളെയാണ് ഞെട്ടിച്ചത്.
കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയില്‍ ഇക്കൊല്ലം ബോണസ് പത്ത് ശതമാനമാക്കി കുറച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളി സമരം.
തൊഴിലാളി യൂണിയനുകള്‍ക്കും തേയിലത്തോട്ടം മാനേജ്‌മെന്റിനുമെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ മൂന്നാറിനെ മുള്‍മുനയില്‍ നിര്‍ത്തി കൊച്ചി – ധനുഷ്‌കോടി ദേശീയപാത ആറ്മണിക്കൂറോളമാണ് ഉപരോധിച്ചത്.
സമരത്തിന്റെ മുന്‍നിരയിലേക്ക് പുരുഷന്മാരെ അടുപ്പിക്കാതെ സ്ത്രീകളായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചത്. യൂണിയന്‍ നേതാക്കളും തോട്ടം മാനേജ്‌മെന്റും ഒത്തുകളിച്ചതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്.
എ.ഐ.ടി.യു.സി ഓഫീസ് തകര്‍ത്ത തൊഴിലാളികള്‍ മൂന്നാര്‍ ജി.എച്ച് റോഡിലെ ഐ.എന്‍.ടി.യു.സി ഓഫീസിലേക്കും കോളനി റോഡിലെ സി.പി.എം ഓഫീസിലേക്കും ഇരച്ച് കയറാന്‍ ശ്രമിച്ചത് നേതാക്കള്‍ക്കും അപ്രതീക്ഷിതമായിരുന്നു.
സമരത്തിനിടെ കെ.ഡി.എച്ച്.പി ലക്ഷ്മി എസ്റ്റേറ്റ് നാഗര്‍മുടി ഡിവിഷനിലെ താമസക്കാരനായ തൊഴിലാളി കണ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കും കാരണമായി.
തൊഴിലാളി പ്രതിഷേധത്തില്‍ പുകയുന്ന മൂന്നാറിനെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ തൊഴിലാളി നേതാക്കളെ ഒഴിവാക്കി സമരക്കാരുമായി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം.
അനവധി വര്‍ഷങ്ങളായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കൊടിയ ദുരന്തം അനുഭവിക്കുകയാണ്. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നത്.
മുഖ്യധാരാ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ഇന്നുവരെ അണിനിരന്നതെങ്കിലും കുത്തകകളുടെ താല്‍പര്യത്തിനനുസരിച്ച് നേതൃത്വം നിലപാട് മാറ്റിയതോടെയാണ് സ്ത്രീ തൊഴിലാളികള്‍ നേതൃത്വം ഏറ്റെടുത്ത് തെരുവിലിറങ്ങിയത്.


