സാന്റിയാഗോ: ബ്രസീലിന്റെ യുവ ഫുട്‌ബോള്‍ താരം നെയ്മറിന് കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി. കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ കയ്യാങ്കളി നടത്തിയതിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നെയ്മറിനെ നാലു മത്സരങ്ങളില്‍ നിന്നും വിലക്കി.
ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തില്‍ കൊളംബിയയുടെ താരം ജെയ്‌സണ്‍ മുറിലോയെ നെയ്മര്‍ തല കൊണ്ടിടിച്ചിട്ടിരുന്നു. ഇതേതുടര്‍ന്ന് അപ്പോള്‍ തന്നെ ചുവപ്പ് കാര്‍ഡും നെയ്മര്‍ക്ക് ലഭിച്ചു. എന്നാല്‍, നെയ്മറുടെ പെരുമാറ്റം മൈതാനത്തിലെ ഗുരുതരമായ ചട്ടലംഘനമാണെന്ന് കണ്ടാണ് നാലു മത്സരങ്ങളില്‍ കൂടി വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
നെയ്മറുമായി കൊമ്പ് കോര്‍ക്കുകയും ചുവപ്പ് കാര്‍ഡ് വാങ്ങുകയും ചെയ്ത കൊളംബിയയുടെ താരം കാര്‍ലോസ് ബക്കയ്ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ തീരുമാനത്തിനെതിരെ ഇരുവര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.


