നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇനി പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍

കൊച്ചി:പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമെന്ന സ്ഥാനം ഇനി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌
സ്വന്തം.

12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു പുതിയ വികസന മാതൃക നല്‍കിയ സിയാലിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് വൈദ്യുതി നിലയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 50 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ജലവൈദ്യുതനിലയങ്ങളുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം സിയാല്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം 45 ഏക്കറിലായി സ്ഥാപിച്ചിരിക്കുന്ന 42,000 പാനലുകളില്‍നിന്നാണ് വൈദ്യുതി ഉല്‍പ്പാദനം.

മാര്‍ച്ച് രണ്ടിനാണ് സിയാലിന്റെ പുതിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിനു സമീപം 45 ഏക്കര്‍ സ്ഥലത്ത് ജര്‍മ്മന്‍ കമ്പനിയാണ് 62 കോടി രൂപ ചെലവില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്.

ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണ് ചെലവ്. ചൈനയില്‍ നിന്നും എത്തിച്ച് 45160 സോളാര്‍ പാനലുകളാണ് ഇതിനായി സ്ഥാപിച്ചത്. 10 ഇന്‍വേര്‍ട്ടറുകളും 2 മെഗാവട്ടിന്റെ അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകളും പദ്ധതിയിലുണ്ട്. ഇതുപയോഗിച്ച് പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

വര്‍ഷം തോറും 18 ദശലക്ഷം യൂണിറ്റ് വൈദ്യതി ലഭിക്കും. ആറു വര്‍ഷം കൊണ്ട് മുടക്കു മുതല്‍ തിരികെ ലഭിക്കും. 25 വര്‍ഷത്തെ ഗ്യാരന്റിയാണ് ഉപകരണങ്ങള്‍ക്ക് കമ്പനി ഉറപ്പു നല്‍കിയിരിക്കുന്നത്.

Top