നൂറു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു

കാബൂള്‍: ഗസ്‌നി പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു ജില്ലയുടെ നിയന്ത്രണം താലിബാനികള്‍ പിടിച്ചെടുത്തു. ഒരാഴ്ച നീണ്ടുനിന്ന സംഘട്ടനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി നൂറ് ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന അജ്‌റേസ്ഥാന്‍ ജില്ലയുടെ നിയന്ത്രണം കൈവശപ്പെടുത്തിയത്. സംഘട്ടനത്തിനിടെ നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ, സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന 15 പേരുടെ തല വെട്ടിമാറ്റിയതായും ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായും പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ നിന്ന് തലസ്ഥാനമായ കാബൂളിലേക്കുള്ള പ്രവേശന കവാടമായി കരുതപ്പെടുന്ന ജില്ലയാണ് അജ്‌റേസ്ഥാന്‍. ഗസ്‌നിയുടെ വിവിധ ഭാഗങ്ങളില്‍ താലിബാനികളുടെ സാന്നിധ്യം വളരെ ശക്തമാണ്.

അതേസമയം, താലിബാനികളുടെ കൈവശമുള്ള ജില്ലയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത അജ്‌റേസ്ഥാന്‍ ജില്ലയെ ഉപയോഗപ്പെടുത്തി, തീവ്രവാദികള്‍ക്ക് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ സാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം തുടക്കത്തില്‍ ഗസ്‌നിയിലെ ഒരു സര്‍ക്കാര്‍ കേന്ദ്രത്തിന് നേരെ താലിബാനികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അശ്‌റഫ് ഗനി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് തന്ത്രപ്രധാനമായ ഒരു ജില്ലയുടെ നിയന്ത്രണം തീവ്രവാദികളുടെ കൈപ്പിടിയിലായത്. 2014 അവസാനത്തോടെ വിദേശ സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികളുടെ ഉന്മൂലനമെന്ന പേരിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്.

Top