ടോക്കിയോ: നൂറാം വയസില്‍ 1500 മീറ്റര്‍ നീന്തുന്നൊരു മുതുമുത്തശി! ജപ്പാന്‍കാരിയായ മിയെക്കൊ നഗോക്കയാണ് കക്ഷി. ഒരു മണിക്കൂര്‍ 15 മിനിട്ട് 54.39 സെക്കന്റിലാണ് മിയെക്കൊ മുത്തശി 1500 മീറ്റര്‍ നീന്തിക്കയറിയത്. മറ്റു മത്സരാര്‍ഥികളെയും കാണികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രകടനം.
കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാക്കാനാണ് മിയെക്കൊ 82ാം വയസില്‍ നീന്തല്‍ ആരംഭിച്ചത്. തുടക്കത്തില്‍ നീന്തലിനെ പേടിയായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. രണ്ടു വര്‍ഷത്തിനുശേഷം നീന്തല്‍ താരമായി പേരെടുത്തു.
88ാം വയസില്‍ ഫിനാ മാസ്റ്റര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. 90 വയസിലെത്തിയപ്പോഴേയ്ക്കും ദേശീയ റെക്കോര്‍ഡ് ഉള്‍പ്പെടെ 24 റെക്കോര്‍ഡുകളും മൂന്നു വെള്ളിമെഡലുകളും മുത്തശി സ്വന്തമാക്കി. പിന്‍തുണയുമായി മക്കളും മരുമക്കളും കൊച്ചുമക്കളും കൂടാതെ സ്വന്തമായി പരിശീലകനും മിയെക്കൊയ്‌ക്കൊപ്പമുണ്ട്. 100 വയസ് തികഞ്ഞതോടെ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ നീന്തല്‍ താരമായിരിക്കുകയാണ് മിയെക്കൊ നഗോക്ക.


