നൂപുർ ശർമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പൊലീസ്

നൂപുർ ശർമയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പൊലീസ്. സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് നടപടി. നുപൂർ ശർമയ്ക്ക് നോട്ടീസ് നൽകുമെന്നും ദില്ലി പൊലീസ് അറിയിച്ചു. നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തിരുന്നുവെന്ന് ഇന്നലെ ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നാണ് പൊലീസ് അറിയിച്ചത്. നൂപുര്‍ ശര്‍മയെ അറസ്റ്റ്‌ ചെയ്യാത്തതിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നുപുര്‍ ശര്‍മയ്ക്ക് പൊലീസിന്റെ ചുവന്ന പരവതാനി കിട്ടിക്കാണുമെന്ന പരിഹാസവും ഉന്നയിച്ചു.

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ നൂപുർ ശർമയുടെ അറസ്റ്റിന് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതിക്ക് കാര്യങ്ങൾ മനസ്സിലായെങ്കിൽ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപക്കേസിൽ നടപടികൾ പെട്ടന്നെടുത്ത സർക്കാർ ബിജെപി മുൻ വക്താവിനെതിരെ നടപടി എടുക്കാൻ മടിച്ച് നിൽക്കുന്നതെന്തിനെന്ന ചോദ്യവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.

Top