സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ 1997നു ശേഷം ബൊളീവിയ ജയം ആഘോഷിച്ചു. രണ്ടാം റൗണ്ട് മത്സരത്തില്‍ ഇക്വഡോറിനെ 3-2ന് പരാജയപ്പെടുത്തി ബൊളീവിയ ഗ്രൂപ്പ് എയില്‍ ആദ്യ ജയം കുറിച്ചു. ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ക്കു മുന്നിട്ടു നിന്ന ശേഷമാണു ബൊളീവിയ ഗോളുകള്‍ വഴങ്ങിയത്.
അഞ്ചാം മിനിറ്റില്‍ നായകന്‍ റൊണാള്‍ഡ് റാല്‍ഡസിന്റെ ഗോളിലൂടെ ബൊളീവിയയാണ് ആക്രമണത്തിനു തുടക്കമിട്ടത്. മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ്-ഡാലെന്‍സ് തലയ്ക്കു മുകളിലേക്ക് അടിച്ച പന്തില്‍ കൃതമായി തലവെച്ച റാല്‍ഡസ് പന്തു ഗോള്‍ മുഖത്തിന്റെ വലതു വശത്തേക്കു കോരിയിട്ടു. 18-ാം മിനിറ്റില്‍ മാര്‍സലോ മാര്‍ട്ടിന്‍സ് മൊറേനോ നല്‍കിയ പാസില്‍ മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ്-ഡാലെന്‍സ് ബൊളീവിയയ്ക്കു ലീഡ് സമ്മാനിച്ചു. 43-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൊറേനോ ബൊളീവിയയുടെ ലീഡ് ഉയര്‍ത്തി. ഡാമിയന്‍ ലിസിയോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച ഇക്വഡോറിന്റെ ഫ്രിക്‌സണ്‍ എറസോക്ക് പിഴച്ചു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മൊറേനോ ഇക്വഡോര്‍ ഗോളി ഡൊമിന്‍ഗ്വസിനെ നിസഹായനാക്കി പന്ത് വലയുടെ ഇടതുമൂലയില്‍ എത്തിച്ചു.
മൂന്നു ഗോള്‍ വഴങ്ങിയതിന്റെ ഭാരവുമായിറങ്ങിയ രണ്ടാം പകുതിയില്‍ ഇക്വഡോര്‍ പ്രത്യാക്രമണം ആരംഭിച്ചു. 48-ാം മിനിറ്റില്‍ ഇന്നര്‍ വലന്‍സിയ ഇക്വഡോറിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ വഴങ്ങിയതോടെ ബൊളീവിയ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. എന്നാല്‍ 81-ാം മിനിറ്റില്‍ മില്ലര്‍ ബോലാനോസിലൂടെ ഇക്വഡോര്‍ രണ്ടാം ഗോള്‍ നേടി. ഇതോടെ സമനില ലക്ഷ്യമാക്കി ഇക്വഡോര്‍ ആഞ്ഞടിച്ചെങ്കിലും ബൊളീവിയന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. കളിയുടെ 74 ശതമാനവും ഇക്വഡോറിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. എന്നാല്‍ അതു പ്രയോജനപ്പെടുത്താന്‍ ഇക്വഡോറിനായില്ല.
ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ബൊളീവിയ ഇന്നത്തെ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമത്തെത്തി. ഇതോടെ ബൊളീവിയ ക്വാര്‍ട്ടര്‍ പ്രവേശന സാധ്യത സജീവമാക്കി. കളിച്ച മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇക്വഡോര്‍ അവസാന സ്ഥാനത്താണ്. ബൊളീവിയ തങ്ങളുടെ അടുത്ത മത്സരത്തില്‍ 20നു ചിലിയെയാണ് എതിരിടുന്നത്.


