നിസാം കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കസിലെ പ്രതി നിസാമുമായി ബന്ധപ്പെട്ട ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുതീര്‍പ്പാക്കിയ കേസുകളും വിജിലന്‍സ് അന്വേഷിക്കും. നിഷാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സിബിസിഐഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടമായത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയത് ആശുപത്രി ജീവനക്കാര്‍ക്കാണ്. ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബാബു എം. പാലിശേരിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top