ഇന്ത്യയില്‍ നിന്ന് 12,000 കാറുകള്‍ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ തീരുമാനിച്ചു. എന്‍ജിന്‍ സ്വിച്ചിന്റെയും എയര്‍ബാഗുകളുടെയും നിര്‍മാണപിഴവിന്റെ പേരില്‍ 2013 ജൂണിനും 2015 മാര്‍ച്ചിനുമിടയ്ക്കു നിര്‍മിച്ച ‘സണ്ണി’യും ‘മൈക്ര’യുമാണു നിസ്സാന്‍ തിരിച്ചു വിളിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ സ്വന്തം നിലയില്‍ പ്രഖ്യാപിച്ച പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിലും ഇടത്തരം സെഡാനായ സണ്ണിയും ചെറുകാറായ മൈക്രയും തിരിച്ചു വിളിക്കുന്നതെന്നു നിസ്സാന്‍ വിശദീകരിച്ചു. ആഗോളതലത്തില്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച 2.70 ലക്ഷം കാറുകളില്‍ 12,000 എണ്ണമാണ് ഇന്ത്യയില്‍ വിറ്റതെന്നാണു കമ്പനിയുടെ കണക്ക്.
അമിത ഇടപെടല്‍ ഇല്ലാതാക്കാനായി കാറുകള്‍ അംഗീകൃത ഡീലര്‍ഷിപ്പിലെത്തിച്ചാല്‍ തകരാറുള്ള എന്‍ജിന്‍ സ്വിച്ചുകള്‍ സൗജന്യമായി മാറ്റിനല്‍കുമെന്നാണു നിസ്സാന്റെ വാഗ്ദാനം.
തിരിച്ചുവിളിക്കുന്ന കാറുകളില്‍ നേരിയ പങ്കിനു മാത്രമാണ് തകാത്ത കോര്‍പറേഷന്‍ ലഭ്യമാക്കിയ എയര്‍ബാഗ് മൂലം തകരാര്‍ സംശയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കളുടെ സുരക്ഷിതത്വവും സംതൃപ്തിയും നിസ്സാനു പരമപ്രധാനമാണെന്നും അതിനാലാണു പ്രശ്‌ന പരിഹാരത്തിനു സത്വര നടപടി സ്വീകരിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.
തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗിലെ പിഴവിന്റെ പേരില്‍ ജപ്പാനില്‍ നിന്നു തന്നെയുള്ള ഹോണ്ട കാഴ്‌സ് കഴിഞ്ഞ മാസം 11,381 കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു.


