നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്നു നിയമസഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിലെ കാലതാമസം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്നു നിയമസഭ നിര്‍ത്തിവച്ചു.

ഗൈഡ് ലോബിയെ സഹായിക്കാനാണു പാഠപുസ്തകങ്ങളുടെ അച്ചടി വൈകിപ്പിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി വിഷയത്തെ ലാഘവത്തോടെയാണു കാണുന്നത്. സംഭവത്തിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷത്തു നിന്നും മാത്യു ടി. തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സഭ ബഹിഷ്‌കരിക്കാതെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പാഠപുസ്തക അച്ചടി ജൂലൈ 20നേ തീരുകയുള്ളൂവെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയില്‍ പറഞ്ഞു. ആകെ ആവശ്യമുള്ള മൂന്നരക്കോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണു വൈകിയത്. അതില്‍ 13 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കിയുള്ള 30 ലക്ഷത്തിന്റെ അച്ചടി ജൂലൈ 20നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓണപ്പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Top