ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേക്കാള്‍ ഭരണഘടനാപരമായി ഉയര്‍ന്ന സ്ഥാനത്തുള്ള ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ നിന്ദിച്ച് വീണ്ടും സംഘപരിവാര്‍ നാണം കെട്ടു.
രാജ്യാന്തര യോഗാ ദിനാഘോഷത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് രാഷ്ട്രീയ വിവാദം ഉയര്‍ത്തിയത്.
എന്നാല്‍ ക്ഷണമില്ലാത്തത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന്, റാം മാധവിന്റെ വിമര്‍ശനത്തിനു മറുപടിയായി ഉപരാഷ്ട്രപതിയുടെ ഓഫിസ് വ്യക്തമാക്കി. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഉപരാഷ്ട്രപതിയോട് മാപ്പു പറഞ്ഞു.
ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്‌നായിക് രംഗത്തെത്തിയത്. പ്രധാനമന്ത്രി മുഖ്യാതിഥായി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരം ഭരണഘടനാ പരമായി ഉയര്‍ന്ന പദവിയിലുള്ള രാഷ്ട്രപതിയെയോ ഉപരാഷ്ട്രപതിയെയോ ക്ഷണിക്കുന്ന കീഴ്‌വഴക്കമില്ല. വിവാദം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും റാം മാധവ് തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതേതരവും ഫാസിസ്റ്റ് വിരുദ്ധവുമായ നിലപാട് വെച്ചുപുലര്‍ത്തുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ പതിവായി വേട്ടയാടുന്ന സംഘ്പരിവാര്‍ അദ്ദേഹത്തെ നിന്ദിച്ച് നാണംകെടുന്നതും പിന്നീട് മാപ്പു പറയുന്നതും ഇതു രണ്ടാം തവമയാണ്.
റിപ്പബ്ലിക് ദിന പരേഡില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യാത്തത് വിവാദമാക്കിയത് സംഘ്പരിവാറിനുതന്നെ തിരിച്ചടിയായതുപോലെയായി യോഗദിന വിവാദവും.
റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞയുടന്‍ ഹാമിദ് അന്‍സാരിയുടെ ദേശസ്‌നേഹം ചോദ്യംചെയ്യുന്ന അധിക്ഷേപാര്‍ഹമായ പോസ്റ്റുകളുമായി സംഘ് അനുകൂലികള്‍ രംഗത്തത്തെുകയായിരുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും സല്യൂട്ട് ചെയ്യുകയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സല്യൂട്ട് ചെയ്യാതെ അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്യുന്ന ചിത്രത്തോടുകൂടിയായിരുന്നു പോസ്റ്റുകള്‍.
ഉപരാഷ്ട്രപതിക്ക് നേരെയുള്ള വ്യക്തിപരവും വിശ്വാസപരവുമായ ആക്രമണമായി ഇത് മാറി. ഈ ഘട്ടത്തിലാണ് ഉപരാഷ്ട്രപതിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഗുര്‍ദീപ് സിങ് സപ്പല്‍ യഥാര്‍ഥ പ്രോട്ടോകോള്‍ എന്താണെന്ന വിശദീകരണം അന്ന് ട്വിറ്ററില്‍ കുറിച്ചത്.
ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചടങ്ങിലെ ഏറ്റവും പ്രധാന വ്യക്തിയും യൂണിഫോം ധരിച്ചവരുമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും സിവില്‍ വേഷത്തിലുള്ളവര്‍ അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടതെന്നും ഓഫിസര്‍ വിശദീകരിച്ചു.
സേനയുടെ സുപ്രീം കമാന്‍ഡറെന്ന നിലയില്‍ രാഷ്ട്രപതിയാണ് റിപ്പബ്ലിക് ദിന ചടങ്ങില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ സല്യൂട്ട് നല്‍കേണ്ട ഏറ്റവും പ്രധാന വ്യക്തി.
യൂണിഫോമിലല്ലാത്ത ഉപരാഷ്ട്രപതി അറ്റന്‍ഷനായി നിന്നതാണ് ശരിയായ പ്രോട്ടോകോളെന്ന ഓഫിസറുടെ വിശദീകരണം വന്നതോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചെയ്തതാണ് പ്രോട്ടോകോള്‍ ലംഘനമെന്ന് വന്നു.
സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് നേരെയുള്ള പ്രതികരണ പ്രവാഹത്തിലേക്കാണ് ഈ വിശദീകരണം വഴിവെച്ചത്.


