നിഥിന്‍ ഗഡ്കരിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആക്കാന്‍ ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിഥിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ രംഗത്ത്. നാഗ്പൂരിലെ ഗഡ്കരിയുടെ വസതിയിലെത്തിയാണ് എംഎല്‍എമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും. മുഖ്യമന്ത്രിയാകാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എംഎല്‍എമാര്‍ നിതിന്‍ ഗഡ്കരിയെ കണ്ടു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന നിലപാടിലാണ് ഗഡ്കരി. അതേസമയം ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി മുംബൈയിലേക്ക് പോകുവെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു.

ഗഡ്കരിയെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്, പങ്കജ മുണ്ടെ, ഏക്‌നാഥ് ഗഡ്‌സെ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.ശിവസേന നിലപാടെടുക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരണകാര്യത്തില്‍ ബിജെപിക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. ഏഴ് സ്വതന്ത്രന്മാരെയും മൂന്നംഗങ്ങളുള്ള ഹിതേന്ദ്രതാക്കൂറിന്റെ ബഹുജന്‍ വികാസ് അഗാഡിയെയും മഹാരാഷ്ട്ര നവനിര്‍മാണ്‍സേനയുടെ ഏക അംഗത്തെയും ബി.ജെ.പി. വശത്താക്കിയതായി വാര്‍ത്തകളുണ്ട്. സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവരുന്ന സര്‍ക്കാരിനെ മുന്നോട്ടുനയിക്കാന്‍ നയപാടവവും ഏറെ രാഷ്ട്രീയപരിചയവുമുള്ള ഗഡ്കരിക്കേ കഴിയൂ എന്നാണ് ബി.ജെ.പി.യില്‍ പലരും കരുതുന്നത്.

Top