നാളെ നാലു യുവതാര ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു

ഇന്ദ്രജിത്തിന്റെ രസം, പൃഥ്വിരാജിന്റെ പിക്കറ്റ് 43, ഫഹദ് ഫാസിലിന്റെ മറിയം മുക്ക്, നിവിന്‍ പോളിയുടെ മിലി എന്നീ സിനിമകള്‍ നാളെ റിലീസ് ചെയ്യും.

രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന ചിത്രം രസം രുചിമേളങ്ങളുടെ കഥ പറയുന്നു. ഇന്ദ്രജിത്ത്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു.

പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43. ഇന്തോ പാക് അതിര്‍ത്തിയിലെ പട്ടാള സൗഹൃദകഥയുമായാണ് പിക്കറ്റ് 43 എത്തുന്നത്. ഹവീല്‍ദാര്‍ ഹരീന്ദ്രന്‍ നായരായി പൃഥ്വിരാജും, റെയ്ഞ്ചര്‍ മുഷറഫായി ജാവേദ് ജെഫ്രിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയംമുക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന മറിയംമുക്ക് നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയകഥയാണ് പറയുന്നത്. മനോജ് കെ ജയന്‍, ത്യാഗരാജന്‍, പ്രതാപ് പോത്തന്‍, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പുതുമുഖമായ സന അല്‍താഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രാജേഷ് പിള്ള ഒരുക്കുന്ന ചിത്രമാണ് മിലി. നിവിന്‍ പോളി, അമല പോള്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമുഖ ചിത്രസംയോജകനായ മഹേഷ് നാരായണനാണ് മിലിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും ഷാന്‍ റഹ്മാനുമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം,അനീഷ് ലാല്‍.

സായ്കുമാര്‍, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, വനിത കൃഷ്ണചന്ദ്രന്‍,പൂജപ്പുര രാധാകൃഷ്ണന്‍ അങ്ങനെ വളരെ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദി നടന്‍ അമോല്‍ പരേഷാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top