നാല്‌പേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യുമോ? വിവാദ പ്രസ്താവനയുമായി വീണ്ടും മുലായം സിംഗ്

ലക്‌നോ: ബലാത്സംഗത്തെക്കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് രംഗത്ത്.

സ്ത്രീയെ ഒരാളായിരിക്കും ബലാത്സംഗം ചെയ്യുന്നത്. പക്ഷേ, പരാതി വരുമ്പോള്‍ നാലു പേര്‍ പ്രതികളാകും. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യുമോ എന്നും ഇത് യഥാര്‍ഥത്തില്‍ സാധ്യമാണോ എന്നുമായിരുന്നു മുലായത്തിന്റെ ചോദ്യം.

ലക്‌നോവില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഇലക്ട്രിക് റിക്ഷകള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു മുലായത്തിന്റെ വിവാദ പ്രസ്താവന. 21 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ രണ്ട് ശതമാനം മാത്രമാണ്. എന്നാല്‍ ആറു കോടി മാത്രമുള്ള മധ്യപ്രദേശില്‍ 9.8 ശതമാനം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഏഴ് ശതമാനമാണ് ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഡല്‍ഹിയെക്കുറിച്ചു പറയാതിരിക്കുകയാണ് ഭേദമെന്നും ബലാത്സംഗ കേസുകള്‍ രാജ്യത്തു കുറവുള്ളതു യു.പിയില്‍ മാത്രമാണെന്നും മുലായം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ മൊറാദാബാദിലെ ഒരു ചടങ്ങിനിടെയും ബലാത്സംഗത്തെക്കുറിച്ചു മുലായം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബലാത്സംഗം ആണ്‍കുട്ടികള്‍ക്കു പറ്റുന്ന അബദ്ധമാണെന്നും അതിനു അവരെ തൂക്കിലേറ്റണ്ട കാര്യമില്ലെന്നുമായിരുന്നു മുലായത്തിന്റെ പ്രസ്താവന.

Top