നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 58 റണ്‍സ് ജയം

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 58 റണ്‍സ് ജയം. 331 റണ്‍സ് വിജയലക്ഷ്യവുമായി വിന്‍ഡീസിന് 271 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

വിന്‍ഡീസിനു വേണ്ടി മര്‍ലോണ്‍ സാമുവല്‍സ് സെഞ്ച്വറി നേടി. 106 പന്തില്‍ നിന്നും 112 റണ്‍സാണ് സാമുവല്‍സ് നേടിയത്. 40 റണ്‍സെടുത്ത ഡാരെന്‍ ബ്രാവോയും 46 റണ്‍സെടുത്ത ആന്ദ്രെ റസലുമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ഡൈ്വന്‍ ബ്രാവോ പൂജ്യത്തിന് പുറത്തായി.

പരമ്പരയില്‍ നിന്ന് വെസ്റ്റിന്‍ഡീസ് പിന്മാറിയതോടെ ഇന്നത്തെ മത്സരം നിര്‍ണ്ണായകമായിരുന്നു. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ഇന്ന് ജയിച്ച ടീമിനാണ് പരമ്പരനേട്ടം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സെടുത്തു. വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയുടെയും രഹാന, റെയ്‌ന എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 114 പന്തില്‍ നിന്നാണ് കൊഹ്ലി 127 റണ്‍സ് നേടിയത്. 13 ബൗണ്ടറികളും 3 സിക്‌സറുകളും അടങ്ങുന്നതാണ് ഇന്ത്യന്‍ ഉപനായകന്റെ ഇന്നിംഗ്‌സ്. 71 റണ്‍സെടുത്ത സുരേഷ് റെയ്‌ന കൊഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രഹാനെ 68 റണ്‍സെടുത്ത് പുറത്തായി.

Top