നാനോയുടെ മുഖംമിനുക്കിയ മോഡല്‍ ജെന്‍ എക്‌സ് വിപണിയിലേക്ക്

നാനോയുടെ മുഖംമിനുക്കിയ മോഡല്‍ ജെന്‍ എക്‌സ് ടാറ്റാ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. 2009 ല്‍ പുറത്തിറക്കിയശേഷം നാനോയില്‍ ആദ്യമായാണ് ടാറ്റാ മോട്ടോഴ്‌സ് ഇത്രയധികം മുഖംമിനുക്കല്‍ നടത്തുന്നത്.

ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ പുതുമകളും എ.എം.ടി ഗിയര്‍ബോക്‌സുമാണ് ജെന്‍ എക്‌സിന്റെ മുഖ്യ സവിശേഷത. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സിഷന്‍ (എ.എം.ടി) ഗിയര്‍ബോക്‌സുമായി വിപണിയിലെത്തുന്ന നാനോ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാര്‍ ആയിരിക്കും.

എ.എം.ടി മോഡലിനൊപ്പം നാലുസ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലും വിപണിയിലെത്തും. നിലവിലുള്ള നാനോയ്ക്ക് കരുത്ത് പകരുന്ന 624 സി.സി പെട്രോള്‍ എന്‍ജിന്‍ തന്നെയാവും ജെന്‍ എക്‌സിലും.

നിലവിലുള്ള നാനോയുടെ സി.എന്‍.ജി പതിപ്പ് വിപണിയില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. പവര്‍ സ്റ്റിയറിങ് ഘടിപ്പിച്ച നാനോ കാര്‍ ട്വിസ്റ്റ് എന്നപേരില്‍ അടുത്തിടെയാണ് ടാറ്റാ വിപണിയിലെത്തിച്ചത്.

എ.എം.ടി ഗിയര്‍ബോക്‌സുള്ള നാനോ ജെന്‍ എക്‌സിന് ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ടാറ്റാ മോട്ടോഴ്‌സിന്റെ സെസ്റ്റ് കാറിലും എ.എം.ടി സംവിധാനമുണ്ട്.

വില ഔദ്യോഗികമായി ടാറ്റാ പുറത്തുവിട്ടിട്ടില്ല. 4.26 ലക്ഷംഏകദേശ വിലയുള്ള മാരുതി ഓള്‍ട്ടോ കെ ടെണ്‍ ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാര്‍.

Top