നാദിര്‍ഷായുടെ അമര്‍ അക്ബര്‍ ആന്റണിയില്‍ അകാന്‍ഷ പുരി നായികയാകുന്നു

പൃഥ്വിരാജിന്റെ നായികാ വേഷത്തില്‍ അകാന്‍ഷ പുരി എത്തുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അകാന്‍ഷ ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റില്‍ കഴിഞ്ഞ ദിവസം എത്തി. ഇന്ദ്രജിത്, ജയസൂര്യ, ആസിഫ് അലി, നമിതാ പ്രമോദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജിന്റെ വലിയൊരു ആരാധികയാണ് താനെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നെന്നും അകാന്‍ഷ പറഞ്ഞു. അതിനാല്‍ തന്നെ ഈ വേഷം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

പ്രെയ്‌സ് ദി ലോര്‍ഡ്, സാമ്രാജ്യം 2 എന്നീ ചിത്രങ്ങളില്‍ നായിക വേഷം അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി നായകനായ പ്രെയിസ് ദി ലോര്‍ഡ് എന്ന ചിത്രത്തില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ ആനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തില്‍ അഹ്മദ് സിദ്ധിഖ് ആയിരുന്നു നായകന്‍.

ആദ്യം മലയാള ഭാഷയില്‍ അഭിനയിക്കാന്‍ വളരെ പ്രയാസമായിരുന്നെന്നും എന്നാല്‍ പ്രെയിസ് ദി ലോര്‍ഡിന്റെ ഡബ്ബിംഗിന് ശേഷം തനിക്ക് ഭാഷ കുറച്ച് എളുപ്പമായെന്നും അകാന്‍ഷ പറയുന്നു. ഈ ചിത്രം തനിക്ക് നല്ലൊരു പരിശീലന കളരി ആയിരുന്നെന്നും ഇപ്പോള്‍ മലയാള ഭാഷ മനസിലാക്കാന്‍ തനിക്ക് എളുപ്പമാണെന്നും താരം പറയുന്നു. അടുത്തതായി ഒരു ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കും.

സുജിത്ത് വാസുദേവാണ് അമര്‍ അക്ബര്‍ ആന്റണിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് സുജിത്ത്. നവാഗതരായ ബിപിനും, വിഷ്ണുവും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

Top