നാഗാര്‍ജുനയും കാര്‍ത്തിയും ഒരുമിക്കുന്നു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും തമിഴ് യുവതാരം കാര്‍ത്തിയും ഒരുമിക്കുന്നു. തെലുങ്കിലും തമിഴിലും നിര്‍മിക്കുന്ന ചിത്രം ഒരു റൊമാന്റിക് എന്റര്‍ടൈനറായിരിക്കും.

തെലുങ്ക് സംവിധായകനായ വാംഷി പൈഡിപാലിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലും തെലുങ്കിലും ഒരു പോലെ പ്രിയങ്കരരായ നടന്‍മാര്‍ക്കുള്ള അന്വേഷണമാണ് നാഗാര്‍ജുനയിലും കാര്‍ത്തിയിലുമെത്തിച്ചതെന്ന് നിര്‍മാതാക്കളില്‍ ഒരാളായ രാജീവ് കാമിനേനി പറയുന്നു. നാഗാര്‍ജുന നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് പ്രേക്ഷകര്‍ക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹം.

കാര്‍ത്തിയുടെ സിനിമകളെല്ലാം തെലുങ്കിലും നല്ല രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. അവസാനം പുറത്തിറങ്ങിയ മദ്രാസ് നല്ല വിജയമാണ് തെലുങ്ക് മേഖലയിലും നേടിയത്. രണ്ടു പേരും ഒരുമിക്കുന്നതിലൂടെ തമിഴ്‌തെലുങ്ക് മേഖലകളില്‍ ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാവ്. മുന്‍ നിര നായികമാരില്‍ ഒരാളായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നും രാജീവ്.

Top