നരേനും നിര്‍മാതാവിന്റെ വേഷത്തില്‍ എത്തുന്നു. കത്തുക്കുട്ടി എന്ന തമിഴ് ചിത്രത്തിലെ രണ്ടു നിര്‍മാതാക്കളില്‍ ഒരാളാണ് നരേന്‍. നരേന്‍ തന്നെയാണു നായകന്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഭൂമിക്കു വേണ്ടി പോരാടുന്നവരുടെ കഥയാണ് കത്തുകുട്ടി. ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണു ചിത്രമൊരുങ്ങുന്നത്.
മലയാളത്തില്‍ ഹല്ലേലൂയ ആണ് നരേന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. മേഘ്‌നാരാജ് ആണ് നായിക. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ നായകനായി അഭിനയിക്കുകയാണ് നരേന്‍. കഴിഞ്ഞവര്‍ഷം സിബി മലയിലിന്റെ ഞങ്ങളുടെവീട്ടിലെ അതിഥി എന്നചിത്രത്തില്‍ അതിഥി വേഷമായിരുന്നു ചെയ്തിരുന്നത്. ചിത്രം വന്‍ പരാജയമായതിനാല്‍ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിച്ചില്ല.
തമിഴിലും മലയാളത്തിലും അഭിനയിക്കുന്നതിനാല്‍ രണ്ടിടത്തും നേട്ടമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണു നരേന്‍. അതുകൊണ്ടാണ് തമിഴില്‍ സ്വന്തം ചിത്രത്തിനു പണമിറക്കാന്‍ നരേന്‍ തീരുമാനിച്ചത്. വിജയ്, സൂര്യ എന്നിവരൊക്കെ ചെയ്യുന്നതുപോലെ നായക പ്രാധാന്യമുള്ള ചിത്രമാണ് കത്തുക്കുട്ടി. കത്തുക്കുട്ടിക്കു ശേഷം തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിലും നരേന്‍ നായകനാകുന്നുണ്ട്. ഈ വര്‍ഷം നായകന്‍ എന്ന നിലയ്ക്ക് നല്ലൊരു മേല്‍വിലാസമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നരേന്‍.


