മുംബൈ: ബംഗ്ലാദേശിനെതിരായ എകദിന പരമ്പര തോല്‍വിയെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഏകദിനങ്ങളില്‍ ധോണിക്ക് മികച്ച റെക്കോര്‍ഡാണുള്ളതെന്നും ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം നല്‍കണമെന്നും ഗാംഗുലി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2016ലെ ട്വന്റി ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരണോ എന്ന ചോദ്യത്തിന് തല്‍ക്കാലം പരമ്പര പൂര്‍ത്തിയാവട്ടെയെന്നും ഇത്തരം തീരുമാനങ്ങളൊന്നും ഒരു രാത്രികൊണ്ട് എടുക്കാനാവില്ലെന്നും ബിസിസിഐ ഉപദേശകസമിതി അംഗം കൂടിയായ ഗാംഗുലി പറഞ്ഞു.
ധോണി എന്ത് തീരുമാനം എടുത്താലും അത് നല്ലതുപോലെ ആലോചിച്ചശേഷമാകണം. അതിനുള്ള സമയം ധോണിക്ക് നല്‍കണം. ടീമിനെ വീണ്ടും വിജയവഴിയിലെത്തിക്കാനുള്ള കരുത്തുണ്ടെന്ന് ധോണി കരുതുന്നുവെങ്കില്‍ അതിന് അവസരം നല്‍കണം. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ ഉപദേശകസമിതിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതതയില്ലെന്നും ധോണി പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നില്‍ ടീം അംഗങ്ങള്‍ വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നതാണെന്ന വാദം ഗാംഗുലി തള്ളിക്കളയുകയും ചെയ്തു. എല്ലാ ടീമുകളും സമാനമായി സാഹചര്യത്തിലാണ് കളിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.


