ദേശീയമൃഗം കടുവ ആയതിനാലാണ് രാജ്യത്ത് തീവ്രവാദം തുടരുന്നത്‌ : വിശ്വേശ തീര്‍ഥ സ്വാമി

ഉടുപ്പി: ദേശീയമൃഗം കടുവ ആയതിനാലാണ്‌ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം തുടരുന്നതെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ തീര്‍ഥ സ്വാമി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് കടുവയെ നാം ദേശീയ മൃഗമായി സ്വീകരിക്കുന്നതു കൊണ്ടാണെന്നും സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ ഈ രാജ്യത്ത് ഒരു തീവ്രവാദിപോലും ജനിക്കില്ലായിരുന്നുവെന്നും വിശ്വേശ തീര്‍ഥ സ്വാമി പറഞ്ഞു.

പേജാവറില്‍ സന്യാസിമാരുടെ സെഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരേ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കണമെന്നും പശുക്കളുടെ കാര്യം മാത്രമല്ല ഗംഗാ നദിയെ മാലിന്യമുക്തമാക്കി ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യരാക്കുന്ന ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള താപനത്തിനു കാരണമാകുന്നത് മത്സ്യ, മാംസാദികള്‍ ഭക്ഷിക്കുന്നത് കൊണ്ടാണെന്ന് സമ്മേളനത്തിന് എത്തിയ ബാബാ രാംദേവ് പറഞ്ഞു. ബാബറിന്റെയും ഔറംഗസേബിന്റെയും അക്ബറിന്റെയും കാലത്തുപോലും ഗോവധ നിരോധനം ഉണ്ടായിരുന്നുവെന്നും ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top