കാഠ്മണ്ഡു: ആര്‍എസ്എസിന്റെ നേപ്പാള്‍ ഘടകമായ ഹിന്ദു സ്വയം സേവക് സംഘ് (എച്ച്എസ്എസ്) പ്രവര്‍ത്തകരും നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി.
ഇന്ത്യയിലെ ആര്‍എസ്എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1992-ല്‍ നേപ്പാളിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് എച്ച്എസ്എസിന് രൂപം നല്‍കിയത്.
ഇന്ത്യയിലെ ഉപരിപഠനകാലത്ത് ആര്‍എസ്എസ് വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ പ്രവര്‍ത്തിച്ച നേപ്പാള്‍ വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി ആര്‍എസ്എസ് നേതൃത്വമാണ് നേപ്പാളിലെ സ്വയം സേവക് സംഘത്തിന് നേതൃത്വം നല്‍കിപോന്നിരുന്നത്.
ഭൂചലനത്തില്‍പ്പെട്ട് പിടയുന്നവരെ രക്ഷപ്പെടുത്താനും ആവശ്യമായ വൈദ്യ സഹായം എത്തിക്കാനും ഇന്ത്യന്‍ സൈന്യത്തിന്റെയും നേപ്പാള്‍ സേനയുടെയും സഹായത്തോടെയാണ് എച്ച്എസ്എസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നേപ്പാളിന്റെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങാന്‍ ആര്‍എസ്എസ് നേതൃത്വവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നേപ്പാളിലെത്തിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാകുക. ഇതിനായി നേപ്പാള്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണ് ആര്‍എസ്എസ് നേതൃത്വം. നേപ്പാളിലെ എച്ച്എസ്എസ് പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ആര്‍എസ്എസ് ദൗത്യത്തിലേര്‍പ്പെടുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കൂടിയാണ് ദുരന്ത നിവാരണ സേനയെയും വ്യോമസേനയെയും കേന്ദ്രസര്‍ക്കാര്‍ നേപ്പാളിലേക്ക് അയച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യന്‍ റെയില്‍വെ ഒരു ലക്ഷത്തിലധികം കുപ്പിവെള്ളമാണ് നേപ്പാളിലേക്ക് എത്തിച്ചത്.
നേപ്പാളിനെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പുറമെ സ്വന്തം നിലക്കും സാമ്പത്തിക സഹായം നല്‍കാനും ആര്‍എസ്എസ് നേതൃത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
ഹിന്ദു ഭൂരിപക്ഷ പ്രദേശമായ നേപ്പാളിന്റെ പുനര്‍ നിര്‍മ്മിതിക്കായി പൊതു ജനങ്ങളുടെ സഹകരണത്തോടെ സഹായം നല്‍കാനാണ് പദ്ധതി.
അതേസമയം നേപ്പാളിന് ആവശ്യമായ സഹായം നല്‍കാന്‍ വിവിധ മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂകമ്പത്തില്‍ മരിച്ചവരുടെ അംഗസംഖ്യ ഇതിനകം തന്നെ 2000 കവിഞ്ഞിട്ടുണ്ട്.


