ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ആരംഭിക്കുവാന്‍ പദ്ധതി : ഏഴു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഗുണകരമാകും

ദുബായ് : ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. നിരവധി തൊഴിലാളികള്‍ക്കാകും ഇതിന്റെ ഗുണം അനുഭവിക്കുവാന്‍ കഴിയുന്നതെന്ന് വിലയിരുത്തുന്നു. 1000ത്തിലധികം തൊഴിലാളികള്‍ ജോലിയെടുക്കുന്ന 300 കമ്പനികളില്‍ ഒക്ടോബര്‍ 31 ശേഷം പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഏഴു ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാകും.

അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, 2016 ആകുന്നതോടെ ആരോഗ്യമേഖലയില്‍ ദുബായ് വമ്പിച്ച നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

വര്‍ഷത്തില്‍ 600 മുതല്‍ 700 ദിര്‍ഹം വരെയായിരിക്കും ആദ്യ ഇന്‍ഷുറന്‍സ് പാക്കേജില്‍ ലഭ്യമാകുക. കമ്പനികള്‍ അനുസരിച്ച് ഈ തുകകളിലും വ്യത്യാസം വരാമെന്ന് അധികൃതര്‍ അറിയിച്ചു.

Top